വിജയ് മല്യ ജൂലൈ 10ന് ഹാജരാകണം ; കേന്ദ്രത്തിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന വിജയ് മല്യ ജൂലൈ 10ന് സുപ്രീം കോടതിയില്‍ ഹാജരാകുമെന്നത് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം.

കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മല്യയോട് ജൂലൈ 10 ന് സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുടെ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യംവിട്ട വിജയ് മല്യ സുപ്രീം കോടതിയെ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വിമര്‍ശനത്തോടെയാണ് കോടതിവിധി പ്രസ്താവിച്ചത്. ജൂലൈ പത്തിന് ഹാജരായി വിശദീകരണം നല്‍കണമെന്നും അതിനു ശേഷം ശിക്ഷാവിധി പ്രസ്താവിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയില്‍ നിന്നു ലഭിച്ച ഇരുന്നൂറ്റി അമ്പതുകോടിയോളം രൂപ ബാങ്കുകള്‍ക്ക് കൈമാറണമെന്ന, കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്റേയും കര്‍ണാടക ഹൈക്കോടതിയുടേയും ഉത്തരവ് മല്യ ലംഘിച്ചെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. മല്യ കോടതി സംവിധാനത്തെ മനപൂര്‍വം പരിഹസിക്കുകയാണെന്നും റോഹത്ഗി ആരോപിച്ചു.

പതിനേഴു ബാങ്കുകളില്‍ നിന്നു 9000 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെയാണ് 2015 മാര്‍ച്ചില്‍ വിജയ് മല്യ രാജ്യം വിട്ടത്.

മുംബൈ, ഡല്‍ഹി, ഹൈദരാബാദ് ഹൈക്കോടതികളുടെ അറസ്റ്റ് വാറന്റുകള്‍ പ്രകാരം കഴിഞ്ഞ മാസം പതിനെട്ടിന് മല്യ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ പുറത്തുവന്നു. മല്യയെ തിരികെയെത്തിക്കാനുള്ള നയതന്ത്ര നടപടികള്‍ പുരോഗമിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്.

Top