പട്ടാമ്പി എം.എൽ.എയും ‘പടിക്ക് പുറത്തോ’ ? കാനത്തിന്റെ കണക്കു കൂട്ടുലുകൾ തെറ്റിച്ച് പാലക്കാട്ട് വൻ പ്രതിഷേധം

രു കാലത്ത് നല്ല നേതാക്കളാൽ സമ്പന്നമായ പാർട്ടിയായിരുന്നു സി.പി.ഐ. എന്നാൽ ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. കേരളത്തിൽ തൃശൂർ , കൊല്ലം, ഇടുക്കി ജില്ലകളിലാണ് ഈ കമ്യൂണിസ്റ്റു പാർട്ടിക്ക് സ്വാധീനമുള്ളത്. ആ സ്വാധീനമാകട്ടെ ഒറ്റയ്ക്ക് ഒരു പഞ്ചായത്തു ഭരണം പിടിക്കാൻ തക്ക ശേഷിയുള്ളതുമല്ല. സി.പി.എമ്മിന്റെ വോട്ട് ബാങ്കാണ് പാർലമെന്ററി രാഷ്ട്രീയത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സി.പി.ഐക്ക് സഹായകരമായിരിക്കുന്നത്. പുതിയ കേഡർമാർ പാർട്ടിയിലേക്ക് കടന്നുവരാത്തതാണ് സി.പി.ഐ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. സി.പി.ഐയുടെ വർഗ്ഗ ബഹുജന സംഘടനകളുടെ പ്രവർത്തനവും യുവത്വത്തെ ആകർഷിക്കുന്നതല്ല.

മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ചില സമരങ്ങൾ സംഘടിപ്പിക്കുക എന്നതിനപ്പുറം വിദ്യാർത്ഥി – യുവജന മേഖലകളിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ ഇതുവരെ എ.ഐ.എസ്.എഫിനും എ.ഐ.വൈ.എഫിനും സാധിച്ചിട്ടില്ല. പലപ്പോഴും കോളജ് യൂണിയൻ തിരഞ്ഞെടുപ്പു വേളകളിൽ എസ്.എഫ്.ഐ വിരുദ്ധ സഖ്യത്തിന്റെ ഭാഗമായാണ് , എ.ഐ.എസ്.എഫ് മാറാറുള്ളത്. ഇതാകട്ടെ കുത്തക മാധ്യമങ്ങൾ ശരിക്കും ഉപയോഗപ്പെടുത്താറുമുണ്ട്. ഇടതുപക്ഷ സംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണ് കേരളമെന്ന് വിലയിരുത്തുമ്പോൾ അതിൽ സി.പി.ഐയുടെ വർഗ്ഗ ബഹുജന സംഘടനകൾക്ക് എത്രമാത്രം സ്വാധീനമുണ്ട് എന്നതിനെ കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്.

സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുമായും യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുമായും ഒരു താരതമ്യത്തിനു പോലും പ്രസക്തിയില്ല. അത്രയും വലിയ ഗ്യാപ്പ് ഇരു വിഭാഗവും തമ്മിലുണ്ട്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പാർട്ടിയെയും പോഷക സംഘടനകളെയും ശക്തിപ്പെടുത്താനാണ് സി.പി.ഐ നേതൃത്വം ശ്രമിക്കേണ്ടത്. സി.പി.എം പുറത്താക്കുന്നവർക്ക് അഭയം നൽകിയതു കൊണ്ട് ഒരു വളർച്ചയും സി.പി.ഐക്ക് ഉണ്ടാകാൻ പോകുന്നില്ല. ഇത്തരം ധാരണയാണ് ആദ്യം തിരുത്തേണ്ടത്. മാത്രമല്ല നിലവിൽ പാർട്ടിയിൽ ഉള്ള ചെറുപ്പക്കാരായ നേതാക്കളെ ഒതുക്കുന്നതിനു പകരം അവരെ പോത്സാഹിപ്പിച്ച് യുവത്വത്തെ ആകർഷിക്കാനാണ് പദ്ധതികൾ വേണ്ടത്. ദൗർഭാഗ്യവശാൽ അതല്ല ഇപ്പോൾ സി.പി.ഐയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലെ സഖ്യഭരണത്തിലെ അധികാരം സി.പി.ഐയുടെ പല ഘടകങ്ങളെയും അന്ധതയിൽ ആഴത്തിയിട്ടുണ്ട്. സി.പി.എം. നടത്തുന്നതു പോലുള്ള തെറ്റുതിരുത്തൽ നടപടിയിലേക്ക് കടക്കാത്തതും നടപടികൾ ഏകപക്ഷീയമാകുന്നതും സി.പി.ഐയിലെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. പട്ടാമ്പി എംഎൽഎയായ മുഹമ്മദ് മുഹസീൻ ഉൾപ്പെടെ 7പേർക്കു സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്നും രാജിവെയ്ക്കേണ്ടി വന്നത് നേതൃത്വത്തിന്റെ പിടുപ്പുകേടു കൊണ്ടാണ്. ജില്ലാ നേതൃത്യത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നതു എന്നാണ് എം.എൽഎ കത്തിൽ പറയുന്നത്. ഒരു കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്നും രാജിവയ്ക്കുക എന്നതിനർത്ഥം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുക എന്നതു തന്നെയാണ്.

muhsin

വ്യക്തികൾ ഘടകങ്ങളായി മാറുകയും അവർ പാർട്ടിയെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പാലക്കാട്ടെ സി.പി.ഐയിൽ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. ഇക്കാര്യത്തിൽ ജില്ലാ ഘടകത്തിനു മാത്രമല്ല സംസ്ഥാന നേതൃത്വത്തിനും വീഴ്ച പറ്റിയിട്ടുണ്ട്. അതുപോലെ തന്നെ എം.എൽ.എ ആയാലും മന്ത്രി ആയാലും പാർട്ടി നേതൃത്വത്തിനു കീഴ്പ്പെട്ടു വേണം പ്രവർത്തിക്കാനെന്ന കാര്യം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസീനും മനസ്സിലാക്കണം. എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സിപിഐ ജില്ല നേതൃത്വത്തിനെതിരെ എം.എൽ.എ പോരിനിറങ്ങാൻ പാടുള്ളതല്ല. ജില്ലാ സെകട്ടറിയാണ് കുഴപ്പക്കാരനെങ്കിൽ അയാൾക്കെതിരെ കേന്ദ്ര നേതൃത്വം വരെ പരാതിയുമായി മുന്നോട്ടു പോവുകയാണ് വേണ്ടിയിരുന്നത്.

അതുപോലെ തന്നെ ഈ വിഷയത്തിൽ പാലക്കാട് ജില്ലാ സെക്രട്ടറിയെ കണ്ണടച്ച് പിന്താങ്ങുന്ന സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോടും യോജിക്കാൻ കഴിയുകയില്ല. തന്നെ പിന്തുണയ്ക്കുന്ന വിഭാഗത്തിനൊപ്പമല്ല എംഎൽഎ എന്നതിനാൽ അയാളെ ഒതുക്കി കളയാമെന്ന് വിചാരിച്ചാൽ അതെന്തായാലും വകവച്ചു കൊടുക്കാൻ കഴിയുകയില്ല. പാർട്ടിയിൽ ആകെയുള്ള ജനകീയ യുവത്വങ്ങളെ കൂടി പുകച്ച് പുറത്താക്കി എന്ത് നേട്ടമാണ് സി.പി.ഐ ഉണ്ടാക്കാൻ പോകുന്നതെന്നതും നേതൃത്വം വ്യക്തമാക്കണം. ആളുകളെ പുറത്താക്കാനുളള ആരോഗ്യമൊന്നും തൽക്കാലും ഇപ്പോൾ സി.പി.ഐക്കില്ല. ആ പാർട്ടിയുടെ ഭാവി വാഗ്ദാനമാണ് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ.

യു.ഡി.എഫിനു സ്വാധീനമുള്ള ഈ മണ്ഡലം പിടിച്ചെടുക്കാൻ ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവു കൂടിയായ മുഹ്സിനു ലഭിച്ച വ്യക്തിപരമായ വോട്ടുകളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു യുവ നേതാവിനെ ഈ കാലത്ത് ലഭിച്ചതു തന്നെ സി.പി.ഐയുടെ ഭാഗ്യമാണ്. ഇതെല്ലാം മറന്ന് ഗ്രൂപ്പ് കളിച്ച് പുകച്ചാൽ പാർട്ടി തന്നെയാണ് പുകഞ്ഞു പോവുക. അതും ഓർക്കുന്നതു നല്ലതാണ്. സി.പി.ഐ പട്ടാമ്പി മണ്ഡലം കമ്മിറ്റി കഴിഞ്ഞ പാർട്ടി സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടതു മുതൽ തുടങ്ങിയ ഭിന്നതയാണ് ഇപ്പോൾ എം.എൽ.എ മൂഹസീൻ അടക്കം ആറ് ജില്ലാ കൗൺസിൽ അംഗങ്ങളുടെ രാജിയിൽ കലാശിച്ചിരിക്കുന്നത്.

സി.പി.ഐ ജില്ലാ സമ്മേളനത്തിനിടെ വലിയ തരത്തിൽ വിഭാഗീയ പ്രവർത്തനം നടന്നതായുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ മൂഹസീനെ ജില്ല എക്സിക്യൂട്ടിവിൽ നിന്നും കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും ഇതോടൊപ്പം തന്നെ തരംതാഴ്ത്തുകയുണ്ടായി. കമ്മീഷനിലെ 3 അംഗങ്ങളും നേതൃത്വം പറയുന്നതിന് അനുസരിച്ചുള്ള റിപ്പോർട്ട് നൽകിയതു കൊണ്ടാണ് അച്ചടക്ക നടപടി ഉണ്ടായതെന്നാണ് എം.എൽ.എയെ അനുകൂലിക്കുന്നവർ തുറന്നടിക്കുന്നത്.

പ്രതിഷേധം വ്യാപകമായതോടെ വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നും അംഗങ്ങൾ കൂട്ടത്തോടെ രാജി വെക്കുന്ന അസാധാരണ സാഹചര്യവും ഉണ്ടായി. കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതികൾ ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്. 22 ഓളം ജില്ലാ കൗൺസിൽ അംഗങ്ങളും പാർട്ടി നടപടിയെ ചോദ്യം ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ സി.പി.ഐയുടെ ഏക എം.എൽ.എക്ക് എതിരായ സി.പി.ഐ നിലപാട് ഇടതുപക്ഷ നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. സി.പി.ഐ ഗ്രൂപ്പ് കളിച്ച് മുന്നോട്ടു പോയാൽ പട്ടാമ്പി മണ്ഡലം സി.പി.എം ഏറ്റെടുക്കണമെന്ന വികാരവും മുന്നണിയിൽ ശക്തമാണ്.

EXPRESS KERALA VIEW

Top