സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് കെ.എസ്.യു

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ കെഎസ്യു സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജഷീര്‍ പള്ളിവേല്‍, നബീല്‍ കല്ലമ്പലം, ജോബിന്‍ സി.ജോയി തുടങ്ങിയവര്‍ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലാണ് അവസാനിപ്പിച്ചത്.

അതേസമയം ഇവര്‍ക്ക് പിന്തുണ അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

സമരപന്തലിന് സമീപം പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ കണ്ണീര്‍ വാതക, ഗ്രനേഡ് പ്രയോഗം നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യ നില വഷളാക്കിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ഗ്യാസും, ലാത്തിച്ചാര്‍ജും നടത്തി. പൊലീസിന് നേരെ സമരക്കാര്‍ കല്ലും കുപ്പികളും എറിഞ്ഞിരുന്നു. തുടക്കത്തില്‍ പൊലീസ് സംയമനം പാലിച്ചെങ്കിലും പിന്നീട്, കല്ലേറ് ശക്തമായതോടെ പൊലീസ് നടപടി തുടങ്ങുകയായിരുന്നു.

കെ.എസ്.യുവിന്റെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മമാരെ പങ്കെടുപ്പിച്ച് സമരം നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷും പറഞ്ഞു.

Top