സെക്രട്ടറിയേറ്റിലെ തീപിടുത്തം; പ്രതിഷേധിച്ച് പ്രതിപക്ഷം, കോണ്‍ഗ്രസ് -ബിജെപി നേതാക്കള്‍ സ്ഥലത്ത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പില്‍ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രദേശത്ത് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത നേരിട്ട് സ്ഥത്തെത്തിയിരിക്കുകയാണ്. മാധ്യമങ്ങളോട് അടക്കം പ്രദേശത്ത് നിന്ന് മാറി നില്‍ക്കണമെന്നും പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്ഷേപങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും സംഭവിച്ചതെന്താണെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. തീപ്പിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് പ്രതിഷേധിച്ച കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളെ സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുകയാണ്.

സെക്രട്ടറിയേറ്റിന് മുന്നില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എ യും വിടിബല്‍റാമും യുഡിഎഫ് നേതാക്കളും കുത്തിയിരിക്കുകയാണ്. സംഭവ സ്ഥലത്തേക്ക് കടത്തിവിടാത്തത്തിലാണ് പ്രതിഷേധം. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്.

കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല. ജിഐഎ പൊളിറ്റിക്കല്‍ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. അതേസമയം, സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കില്‍ ആണ് തീ പിടുത്തം ഉണ്ടായത്.

Top