സെക്രട്ടേറിയറ്റിലെ തീപിടുത്തം; എന്‍ഐഎ അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍, കേന്ദ്രത്തിന് കത്തയച്ചു

ന്യൂഡല്‍ഹി: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടുത്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്കാണ് പ്രേമചന്ദ്രന്‍ കത്തയച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയിലേക്ക് സെക്രട്ടേറിയറ്റില്‍ തീപിടുത്തവും ഉള്‍പ്പെടുത്തണം എന്നാണ് പ്രേമചന്ദ്രന്റെ ആവശ്യം.

സെക്രട്ടേറിയറ്റിലെ തീപിടുത്തതിലൂടെ തെളിവ് നശിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരി കൃഷ്ണന്‍, മുന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹഖ് എന്നിവരിലേക്ക് അന്വേഷണം നീളുന്നതിനിടെ ആണ് തീപിടുത്തമുണ്ടായത്. തീപിടുത്ത സമയത്ത് സെക്ഷനില്‍ ആരും ഉണ്ടായില്ല എന്നത് ദുരുഹമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

കെ.ടി.ജലീലിനെ ന്യായീകരിക്കാന്‍ ഉള്ള വിടുപണി മാത്രമാണ് നിയമസഭയിലെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ചെയ്തത്. നിയമസഭയിലെ അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയൊന്നും മുഖ്യമന്ത്രി നല്‍കിയില്ല. ഏകഛത്രപതിയാണ് പിണറായി. മുന്നണിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top