സെക്രട്ടേറിയറ്റിലെ തീപിടുത്തം; ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഐ.ജി. ഫോറന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോറന്‍സിക്കിന്റെ അടുത്ത റിപ്പോര്‍ട്ട് നെഗറ്റീവാണെങ്കില്‍ അത് കോടതിയില്‍ പോകരുതെന്ന് ഐ.ജി. നിര്‍ദേശിച്ചതായും ചെന്നിത്തല ആരോപിച്ചു.

ഫോറന്‍സിക്കിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജി.എം. കോടതിയില്‍ റിപ്പോര്‍ട്ട് കേടതിയില്‍ എത്തിയതിന് പിന്നാലെ ഒരു ഐ.ജി. ഫോറന്‍സിക് വകുപ്പിലെ ഉന്നതോദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐ.ജി. കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറന്‍സിക് പരിശോധന നടത്താന്‍ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്.

ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ ഐ.ജി. വാങ്ങിവെച്ചു. ഫോറന്‍സിക്കിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ കോടതിയില്‍ എത്തരുതെന്ന് ഉദ്യോഗസ്ഥക്ക് ഐജി നിര്‍ദേശം നല്‍കി. ഐ.ജിയുടെ നടപടിയെ നിഷ്പക്ഷതക്കെതിരായ വെല്ലുവിളി ആയി കാണണമെന്നും ചെന്നിത്തല പറഞ്ഞു.

ഫോറന്‍സിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താന്‍ ഐ.ജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിര്‍ദേശപ്രകാരമാണ് ഐ.ജി. ഇപ്രകാരം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഐ.ജിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top