ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുന്‍ ക്രിക്കറ്റ് താരങ്ങള്‍

ഓക്ലന്‍ഡ്: രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുന്‍ താരങ്ങള്‍. വിരേന്ദര്‍ സെവാഗ്, ആര്‍ പി സിങ്, ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര തുടങ്ങിയവരെല്ലാമാണ് അഭിനന്ദിച്ചത്. ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്ക്ലെനാഘനും അഭിനന്ദനം അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം ശ്രേയസ് 44 റണ്‍സ് അടിച്ചു. രാഹുല്‍ 50 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ എട്ടു റണ്‍സോടെ ശിവം ദുബെയും ക്രീസിലുണ്ടായിരുന്നു.

Top