രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് ഇന്ന്

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു.

സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞതോതിലെങ്കിലും ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനസെസ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന് സാധ്യത കുറവാണ്. ഇന്ന് രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച.

Top