പുതുമുഖ മോടിയോടെ രണ്ടാം പിണറായി മന്ത്രിസഭ; സിപിഎമ്മിന് 12 മന്ത്രിമാര്‍

തിരുവനന്തപുരം: പുതുമുഖ മോടിയോടെ രണ്ടാം പിണറായി മന്ത്രിസഭ. 21 അംഗ മന്ത്രിസഭയില്‍ 12 പേര്‍ സിപിഎമ്മില്‍നിന്ന്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനം നല്‍കി. സിപിഐക്ക് 4 മന്ത്രി സ്ഥാനം. സിപിഎമ്മിനാണ് സ്പീക്കര്‍ പദവി. ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐയ്ക്ക് നല്‍കും.

ഐഎന്‍എല്ലില്‍നിന്ന് ആഹമ്മദ് ദേവര്‍കോവിലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെയും ആദ്യ ടേമില്‍ മന്ത്രിമാരാക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിമാരാകും.

ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ലഭിക്കും. രണ്ടു മന്ത്രിമാരെ ചോദിച്ചിരുന്നെന്നും കൂടുതല്‍ ഘടകകക്ഷികളുള്ളതിനാല്‍ മുന്നണിയുടെ കെട്ടുറപ്പാണ് നോക്കിയതെന്നും മുന്നണി തീരുമാനം അംഗീകരിക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്ന് മന്ത്രിയാകാനാണ് സാധ്യത. ചീഫ് വിപ്പ് പദവി ജയരാജിനു ലഭിക്കും.

ജനാധിപത്യ കേരള കോണ്‍ഗ്രസിനു ലഭിച്ച വലിയ അംഗീകാരമാണ് മന്ത്രി പദവിയെന്നു ആന്റണി രാജു പറഞ്ഞു. എന്‍സിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കും. പ്രഫുല്‍ പട്ടേല്‍ നാളെ എത്തി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും പ്രഖ്യാപനം.

ജെഡിഎസിന്റെ മന്ത്രിയെ ദേവെഗൗഡ പ്രഖ്യാപിക്കും. കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി.തോമസുമാണ് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍. പി.എ. മുഹമ്മദ് റിയാസും സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണന്‍, പി. നന്ദകുമാര്‍, എം.വി. ഗോവിന്ദന്‍ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ നേതൃയോഗങ്ങളും നാളെ ചേര്‍ന്ന് തുടര്‍ തീരുമാനങ്ങളെടുക്കും.

 

Top