വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ നാട്ടിലെത്തുന്നത് 1ലക്ഷത്തോളം പ്രവാസികള്‍

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ ഒരു ലക്ഷത്തോളം പ്രവാസികളെ തിരിച്ചെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന പദ്ധതിയാണ് വന്ദേഭാരത് മിഷന്‍. ജൂണ്‍ 13നാണ് വന്ദേഭാരത് മിഷന്റെ രണ്ടാം ദൗത്യം അവസാനിക്കുന്നത്.

3.08 ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശ്രീലങ്ക,മാലിദ്വീപ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും നാവിക സേന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കും. നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങില്‍ നിന്നും 5000 പേര്‍ ഈ ദിവസങ്ങളില്‍ തിരിച്ചെത്തിക്കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു. ദൗത്യത്തില്‍ പങ്കുചേരാന്‍ 141 വിമാനങ്ങള്‍ കൂടി സജ്ജീകരിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

തിരിച്ചെത്തുന്നവര്‍ക്ക് അതത് സംസ്ഥാനത്ത് ക്വാറന്റീന്‍ സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞിരുന്നു. മെയ് 16നാണ് വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് ഇതുവരെ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. എന്നാല്‍ അടുത്തഘട്ടത്തില്‍ സ്വകാര്യവിമാന കമ്പനികളേയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top