കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ നാളെ എത്തും

കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്സിന്‍ നെടുമ്പാശേരിയിലെത്തിക്കും.

അതേസമയം, കൊവിഡ് വാക്സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തി. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്സിന്‍ ഭീതി ആണ് വാക്സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ് കേരളത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി.

വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന തോത് സംസ്ഥാനത്ത് 25 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ വാക്സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Top