കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി മലപ്പുറത്ത് രണ്ടാമത്തെ ആളും ആശുപത്രിവിട്ടു

മഞ്ചേരി: കേരളത്തിന് ഇത് അഭിമാന നേട്ടം. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി രേഗമുക്തനായി ആശുപത്രിവിട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുസ്തഫയാണ് (46) ആശുപത്രി വിട്ടത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ മുസ്തഫയ്ക്ക് ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടെനിന്നവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ് അയാള്‍ ആശുപത്രി വിട്ടത്.

വീട്ടുകാര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ വാര്‍ഡ് മെമ്പര്‍ എ. അബ്ദുല്‍ ഗഫൂര്‍, പൊന്മുണ്ടം പഞ്ചായത്ത് യൂത്ത് കോഓഡിനേറ്റര്‍ കെ. സക്കീര്‍ എന്നിവരാണ് ഇദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. ആശുപത്രി അധികൃതര്‍ക്ക് ഇവര്‍ മധുരം സമ്മാനിച്ചു.

പൂര്‍ണ ആരോഗ്യവാനായാണ് ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിടുന്നത്. ഇതാടെ കേരളത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി ജില്ലയില്‍ രണ്ടുപേരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വാണിയമ്പലം ശാന്തി സ്വദേശിനി കോക്കാടന്‍ മറിയക്കുട്ടി (48) രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു.

മാര്‍ച്ച് 21ന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. പിന്നീട് 23ന് പനി അനുഭവപ്പെടുകയും തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ ജില്ല ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്‍കുകയായിരുന്നു. 28നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ദ ചികിത്സയിലായിരുന്നു ഇയാള്‍. വെറും 13 ദിവസം കൊണ്ടാണ് ഇയാള്‍ക്ക് രോഗം ഭേദമായത്. ഇത് ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചും കേരളാ സര്‍ക്കാരിനെ സംബന്ധിച്ചും അഭിമാനവും ആശ്വാസവും പകരുന്ന വാര്‍ത്തയാണ്.

പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.

Top