ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി; 22 റണ്‍സിന് ന്യൂസീലന്‍ഡിന് ജയം

ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 22 റണ്‍സിന്റെ തോല്‍വി. 274 റണ്‍സ് വിജയലക്ഷ്യവുമായിട്ടായിരുന്നു ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതോടെ ന്യൂസീലന്‍ഡിന് പരമ്പര സ്വന്തമാക്കാനായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.3 ഓവറില്‍ 251 എല്ലാവരും പുറത്താവുകയും ചെയ്തു.

അര്‍ധ സെഞ്ചുറികളോടെ ശ്രേയസ് അയ്യരും(52) നവ്ദീപ് സൈനി (45) മാത്രമാണ് പിടിച്ചു നിന്നത്. കെ.എല്‍ രാഹുല്‍ നാലു റണ്‍സിനും കേദാര്‍ ജാദവ് ഒമ്പതു റണ്‍സിനും പുറത്തായി. ഠാക്കൂര്‍ 18 റണ്‍സെടുത്തപ്പോള്‍ ചാഹല്‍ 10 റണ്‍സും എടുത്തു. വിരാട് കോഹ്‌ലി 15 റണ്‍സിന് പുറത്തായി.

ഷാര്‍ദുല്‍ ഠാകൂര്‍ കാമിയോ റോളിന് ശ്രമിച്ചെങ്കിലും ഗ്രാന്‍ഹോമിന്റെ പന്തില്‍ വിക്കറ്റ് തെറിച്ചുമടങ്ങി. അപ്പോള്‍ ഏഴിന് 153 എന്ന നിലയിലായിരുന്നു ഇന്ത്യ. തൊട്ടുപിന്നാലെ ആയിരുന്നു സൈനിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനം. 49 പന്ത് നേരിട്ട താരം രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി. ജഡേജയ്ക്കൊപ്പം 76 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്.

Top