ചന്ദ്രയാൻ 3ന് ശേഷമുള്ള രണ്ടാം രാത്രി തുടങ്ങി; വിക്രമും പ്രഗ്യാനും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം

ന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനിൽ തുടങ്ങി. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യോദയമാകുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കഴിഞ്ഞ മാസം 4നു മുൻപു പ്രഗ്യാനും വിക്രമും സാക്ഷാത്കരിച്ചിരുന്നു. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14 ദിവസങ്ങൾക്കു തുല്യം) കഴിഞ്ഞ് പ്രഗ്യാനും വിക്രമും ഉണർന്നിരുന്നെങ്കിൽ അത് ചന്ദ്രയാൻ ദൗത്യത്തിനു ‘ബോണസ്’ ആകുമായിരുന്നു. ഉണരാനുള്ള സാധ്യത കുറവാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

ഇനിയുള്ള ചാന്ദ്ര ദൗത്യങ്ങളിൽ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്ന ശാസ്ത്രീയ പഠനോപകരണങ്ങളും ചന്ദ്രനിലെ സാംപിളുകൾ ശേഖരിച്ചു മടങ്ങിയെത്താവുന്ന സ്പേസ്ക്രാഫ്റ്റുമാണ്.

Top