നാദിര്‍ഷ ചിത്രം ഈശോയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

സിനിമയുടെ പേരില്‍ വിവാദം സൃഷ്ടിച്ച ജയസൂര്യ-നാദിര്‍ഷ ചിത്രം ഈശോയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ജയസൂര്യയെയും തൊട്ടു പിന്നിലായി ജാഫര്‍ ഇടുക്കിയെയും പോസ്റ്ററില്‍ കാണാം. ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്.

നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേരിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്നായിരുന്നു പ്രധാനവിമര്‍ശനം.

ദിലീപ് നായകനായ നാദിര്‍ഷ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് പേരുകളും ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്നതല്ലെന്നും കഥാപാത്രങ്ങളുടെ പേരാണെന്നും സിനിമ ഇറങ്ങിയ ശേഷം മതവിശ്വാസം വ്രണപ്പെടുന്നുവെന്ന് തോന്നിയാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. രചന സുനീഷ് വരനാട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം പകരുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്.

 

Top