രണ്ടാമത് ഇന്ത്യ-ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി; നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്ന് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (LAC)യുടെ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലെ ക്യാമ്പില്‍ നടന്ന രണ്ടാമത് ഇന്ത്യ-ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി. നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു സേനാതലത്തിലെ ഉന്നതതല യോഗം.

മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിര്‍ത്തിയില്‍ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ശക്തമായി ആവശ്യപ്പെട്ടു. നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്നും ഇന്ത്യന്‍ സൈന്യം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ചത്തെ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു എന്ന് ചൈന വ്യാഴാഴ്ച നടന്ന സേനാതല ചര്‍ച്ചകളില്‍ സമ്മതിച്ചുവെന്നാണ് സൂചന.

ഇതിനിടെ സിക്കിമില്‍ നടന്ന സംഘര്‍ഷത്തിന്റെ ചില സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നു. ഈ മാസം ആറിന് ആദ്യ ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കില്‍ നടന്നിരുന്നു. അന്ന് അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ ഉണ്ടാക്കിയ ധാരണ ചൈന പാലിക്കാത്തതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ച മേജര്‍ ജനറല്‍ തലത്തിലുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ന് കമാന്‍ഡര്‍മാര്‍ തന്നെ വീണ്ടും യോഗം ചേര്‍ന്നത്.

ചൈനയുടെ കടന്നുകയറ്റവും നേരിടാന്‍ ഇന്നലെ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. നാളെ ഇന്ത്യ- റഷ്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുമെങ്കിലും സംഘര്‍ഷം തല്ക്കാലം അജണ്ടയില്‍ ഇല്ല എന്നാണ് വിശദീകരണം. വീരമൃത്യു വരിച്ച ഇന്ത്യയുടെ ചില സൈനികരുടെ ശരീരങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.

Top