രണ്ടുമാസത്തിനുള്ളില്‍ രണ്ടാംഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കുകയും രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാരില്‍ കുറേപ്പേര്‍ ഇനിയും വാക്‌സീനേഷന്‍ എടുത്തില്ല. പലരും വിമുഖത കാട്ടുന്നു. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാല്‍ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെപ്റ്റംബര്‍ 22 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 90.57 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,41,91,036), 38.07 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,01,68,405) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,62,464). 45 ല്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ കാലയളവില്‍, ശരാശരി 1,78,363 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 19,506 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10, 6, 7, 10 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും എന്നാല്‍, വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top