നിയന്ത്രണങ്ങള്‍ തുടരുന്ന കശ്മീരിലേയ്ക്ക് വീണ്ടും കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം

ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുന്ന ജമ്മുകശ്മീരിലേയ്ക്ക് വീണ്ടും കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം. 40 ഓളം കേന്ദ്രമന്ത്രിമാരുടെ രണ്ടാം ബാച്ച് ഏപ്രിലിലാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുക. സംഘം ജമ്മുകശ്മീരിലെ പത്ത് ജില്ലകളില്‍ രണ്ട് ദിവസം തങ്ങി ജനങ്ങളുമായി ആശയവിനിമയം നടത്തുകയും നൂറിലധികം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇടവേളയ്ക്ക് ശേഷം ബജറ്റ് സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് 2 ന് ആരംഭിച്ച് ഏപ്രില്‍ 3 ന് അവസാനിക്കും. ഏപ്രില്‍ 3ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ മന്ത്രിമാര്‍ പുറപ്പെടുമെന്നുമാണ് നിലവിലെ ഔദ്യോഗിക വിവരം.

ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്ത് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇപ്പോഴും കരുതല്‍ തടങ്കലി തുടരുമ്പോഴാണ് മന്ത്രിമാരുടെ രണ്ടാം സംഘം ജമ്മുകശ്മീരിലേക്കെത്തുന്നത്.

കഴിഞ്ഞമാസം 16ന് 37 കേന്ദ്ര മന്ത്രിമാര്‍ 12 ജില്ലകളിലായി 100 പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യ കേന്ദ്രസംഘം കഴിഞ്ഞമാസം കശ്മീരില്‍ സന്ദര്‍ശിച്ചത്. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം.

ജമ്മുകശ്മീരിന്റെ വികസനത്തിനായി 210 പദ്ധതികളും അന്ന് പ്രഖ്യാപിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നീ പാര്‍ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജമ്മുകശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കശ്മീര്‍ പുനഃസംഘടനാ ബില്‍ ബിജെപി പാര്‍ലമെന്റില്‍ പാസാക്കിയിരുന്നത്.

Top