‘മുഖ്യമന്ത്രിക്കെതിരെ രണ്ടാമത്തെ വധശ്രമം’; കോണ്‍ഗ്രസ് ചാവേറുകളെ പരിശീലിപ്പിച്ചുവെന്ന് എം വി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരെ എറണാകുളത്ത് നടന്നത് രണ്ടാമത്തെ വധശ്രമമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ കരിങ്കൊടി പ്രതിഷേധമല്ല നടക്കുന്നത്, മറിച്ച് കരിങ്കല്‍ പ്രയോഗമാണെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു. ഭീകരവാദികളുടെ മോഡല്‍ ആക്രമണമാണ് മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. കോണ്‍ഗ്രസിന്റെ അക്രമ സമരത്തിന് ജനങ്ങളെ കിട്ടാത്തത് കൊണ്ടാണ് ഇതൊക്കെ. ജനം പ്രതിഷേധിക്കണമെന്നും എം വി ജയരാജന്‍ ആഹ്വാനം ചെയ്തു.

വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി ജോര്‍ജ്ജ് പനന്താനത്തിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ ഉച്ചയോടെ കാക്കനാട് ഗവ. പ്രസ് സിടിപി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സോണി ജോര്‍ജ് വാഹനത്തിന്റെ മുന്നിലേക്ക് ചാടി മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ല് അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കടന്നുപോയതിന് പിന്നാലെ സോണി മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു. മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണത്തിന് ഗൂഢാലോചന, പൊലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് ഇയാള്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.

 

Top