സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പിടിയില്‍

ആലപ്പുഴ: സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും പിടിയിലായി. കേസിലെ രണ്ടാം പ്രതിയായ ഷഫീക്കാണ് പിടിയിലായത്. ഒന്നാം പ്രതി മുജീബ് , മൂന്നാം പ്രതി ഫൈസല്‍ എന്നിവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാന്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാമിന് ജാമ്യം ലഭിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി മുജീബിനെ രക്ഷപ്പെടാന്‍ സഹായിച്ചതിനും കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിനുമായിരുന്നു അറസ്റ്റ് ചെയ്തത്.

സിയാദ് വധക്കേസില്‍ മുഖ്യപ്രതി മുജീബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൃത്യം നടത്തിയ ശേഷം മറ്റൊരു സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുജീബിന് തോളില്‍ വെട്ടേറ്റിരുന്നു. അക്രമി സംഘത്തില്‍പ്പെട്ട ഫൈസലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Top