SEBI searching for new Chairman

മുംബൈ: സെബി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഏഴു പേര്‍ പരിഗണനയില്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ ഉള്‍പ്പെടെയുളള ചുരുക്കപട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.

നിലവിലെ സെബി ചെയര്‍മാന്‍ യു കെ സിന്‍ഹയുടെ കാലാവധി പൂര്‍ത്തിയാവുന്ന ഒഴിവിലേയ്ക്കുളള നിയമനനടപടികളാണ് പുരോഗമിക്കുന്നത്. ഫെബ്രുവരി പകുതിയോടെ യു കെ സിന്‍ഹ സ്ഥാനം ഒഴിയും. ഈ പശ്ചാത്തലത്തില്‍ ക്യാബിനറ്റ് സെക്രട്ടറി തലവനായുളള സെലക്ഷന്‍ പാനലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.

ഇതിന്റെ ഭാഗമായി അരുന്ധതി ഭട്ടാചാര്യയ്ക്ക് പുറമേ ക്യാപിറ്റല്‍ മാര്‍ക്കറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി തോമസ് മാത്യൂ, ഐഡിഎഫ്‌സി സിഇഓ വിക്രം ലിമയാ, ഫോര്‍വേഡ് മാര്‍ക്കറ്റ്‌സ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ രമേശ് അഭിഷേക്, കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അംഗം എം എസ് സാഹൂ, സെബി മുഴുവന്‍ സമയ അംഗം രാജീവ് കുമാര്‍ അഗര്‍വാള്‍ എന്നി ഏഴു പേര്‍ അടങ്ങുന്ന ചുരുക്കപട്ടികയ്ക്ക് സമിതി രൂപം നല്‍കി.

സെബി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുഖ്യമായി പരിഗണിക്കുന്നത് അരുന്ധരി ഭട്ടാചാര്യയെയാണെന്നാണ് വിവരം. അരുന്ധതിക്കു പുറമേ പട്ടികയില്‍ ഇടം പിടിച്ചവരും തങ്ങളുടെ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്.

ഓഹരി വിപണിയില്‍ ക്വാളിഫൈയ്ഡ് ഫോറിന്‍ ഇന്‍വെസ്റ്റര്‍ എന്ന പ്രയോഗം ആദ്യം അവതരിപ്പിച്ചത് തോമസ് മാത്യൂവാണ്. വിദേശനിക്ഷേപമെന്ന നിലയില്‍ 12,000 കോടി രൂപ രാജ്യത്തിന് ലഭിയ്ക്കാന്‍ ഇതുവഴി സാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.രാജീവ് ഗാന്ധി ഇക്യൂറ്റി സ്‌കീം അവതരിപ്പിച്ചതിന് പിന്നിലും പ്രവര്‍ത്തിച്ചതും തോമസ് മാത്യൂവാണ്.

നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കോടികളുടെ ക്രമക്കേടില്‍ നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അന്നത്തെ ഫോര്‍വേഡ് മാര്‍ക്കറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ രമേശ് അഭിഷേക് നടപടി സ്വീകരിച്ചിരുന്നു. ഇതാണ് ചുരുക്ക പട്ടികയില്‍ ഇടംപിടിക്കാന്‍ രമേശ് അഭിഷേകിന് സഹായകമായത്.

Top