കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ

മുംബൈ: കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ ചുമത്തി സെബി. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് നിർദ്ദേശം. കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിനാണ് നടപടി. കഫേ കോഫി ഡേയുടെ 7 അനുബന്ധ കമ്പനികളിൽ നിന്നായി 3500 കോടി രൂപ മൈസൂർ അമാൽഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്ക് വകമാറ്റിയെന്നും ഇത് ഓഹരി പങ്കാളികൾക്ക് നഷ്ടം വരുത്തിയെന്നുമാണ് സെബിയുടെ കണ്ടെത്തൽ. വകമാറ്റിയ തുക എത്തിയത് മുൻ ചെയർ‍മാൻ സിദ്ധാർത്ഥയുടെയും കുടുംബത്തിൻറെയും അക്കൗണ്ടുകളിലേക്കാണെന്നും സെബി വിശദമാക്കുന്നു.

മൈസൂർ അമാൽഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിൽ നിന്നും കുടിശ്ശികയുള്ള പണം പലിശ സഹിതം ഉടൻ അടക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും സെബി നിർദ്ദേശിക്കുന്നു. കുടിശിക തിരിച്ചടയ്ക്കാൻ സെബിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തണമെന്നും സെബി വ്യക്തമാക്കി. 2019ലാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. വിജി സിദ്ധാർത്ഥയുടെ ആത്മഹത്യയ്ക്ക് ശേഷം ഭാര്യ മാളവിക ഹെഗ്‌ഡെയെ കഫെ കോഫി ഡേയുടെ സിഇഒ ആയി നിയമിതയായിരുന്നു.മാളവിക ഹെഗ്‌ഡെയ്ക്ക് പുറമെ, ഗിരി ദേവനൂർ, മോഹൻ രാഘവേന്ദ്ര കൊണ്ടി എന്നിവരെ അഡീഷണൽ ഡയറക്ടർമാരായും നിയമിതരായിരുന്നു. ബാധ്യതകൾ ഉയരുകയും നഷ്ടം വർധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ ഭരണമാറ്റം. പുതിയ നിയമനങ്ങൾ 2025 ഡിസംബർ 30 വരെയാണ് കാലാവധി.

2019 മാർച്ച് 31 ലെ കണക്ക് പ്രകാരം കഫേ കോഫി ഡേയ്ക്ക് 7200 കോടി രൂപയുടെ കടമുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ഭർത്താവ് ബിസിനസിൽ തോറ്റതല്ലെന്ന് തെളിയിച്ചുകൊണ്ടായിരുന്നു മാളവിക കഫേ കോഫി ഡേയെ ഉയർത്തിക്കൊണ്ടുവന്നത്. 1996 ൽ ബെംഗളൂരുവിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011 ൽ രാജ്യത്തൊട്ടാകെ 1000ത്തിലേറെ ഔട്ട്ലെറ്റുകളുണ്ടായിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്ലെറ്റുകളും പൂട്ടിപ്പോയിരുന്നു. ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചുമായിരുന്നു കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെ മാളവിക പുതിയ പോളിസി നടപ്പിലാക്കിയത്. 2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായും കുറയ്ക്കാൻ സാധിച്ച മാളവികയ്ക്ക് തിരിച്ചടിയാണ് സെബിയുടെ നടപടി.

Top