ഉയര്‍ന്ന നഷ്ട സാധ്യതയും, മികച്ച നേട്ടവും ലഭിച്ചേക്കാവുന്ന മൈക്രോ ക്യാപ് പദ്ധതിയുമായി സെബി

യര്‍ന്ന റിസ്‌കിനൊപ്പം മികച്ച ആദായവും ലഭിക്കാന്‍ സാധ്യയുള്ള മ്യൂച്വല്‍ ഫണ്ട് കാറ്റഗറി അവതരിപ്പിക്കാന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് സര്‍വീസിന്റെ നേട്ടം ചെറുകിട നിക്ഷേപകര്‍ക്കും ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ അഭിപ്രായം തേടി.

നിലവില്‍ റിസ്‌ക് അനുസരിച്ച് അഞ്ച് വിഭാഗങ്ങളിലായാണ് എഎംസികള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങാന്‍ കഴിയുക. താഴ്ന്നത്, താഴ്ന്നത് മുതല്‍ മിതമായത്, മിതമായത്, മിതമായത് മുതല്‍ ഉയര്‍ന്നത്, ഉയര്‍ന്നത്-എന്നിങ്ങനെയാണിത്. ഉയര്‍ന്ന നഷ്ട സാധ്യതയും അതൊടൊപ്പം മികച്ച നേട്ടവും ലഭിച്ചേക്കാവുന്ന മൈക്രോ ക്യാപ് ഉള്‍പ്പടെയുള്ളവയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് നിര്‍ദിഷ്ട സ്‌കീം. പദ്ധതിയുടെ ഘടനയെക്കുറിച്ചും ആസ്തി വിഭജനത്തെക്കുറിച്ചുമൊക്കെ സെബി അഭിപ്രായം തേടിയിട്ടുണ്ട്. നിലവിലെ റെഗുലേറ്ററി നിബന്ധനകളില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ അക്കാര്യം ശുപാര്‍ശ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഉയര്‍ന്ന റിസ്‌കിനൊപ്പം ഉയര്‍ന്ന ആദായം നല്‍കുന്ന പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് സര്‍വീസി(പിഎംഎസ്)ന് സമാനമായ സാധ്യതകള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് പുതിയ സ്‌കീമിന് പിന്നിലുള്ളത്. പിഎംഎസിലെ കുറഞ്ഞ നിക്ഷേപ തുക 50 ലക്ഷം രൂപയാണ്. അതുകൊണ്ടുതന്നെ ചെറുകിട നിക്ഷേപകര്‍ക്ക് പിഎംഎസില്‍ നിക്ഷേപിക്കാന്‍ കഴിയാറുമില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ വിഭാഗം ഫണ്ടിന്റെ സാധ്യത വിലയിരുത്താന്‍ സെബി തീരുമാനിച്ചത്.

Top