അദാനിക്കെതിരായ അന്വേഷണം; സുപ്രീംകോടതിയോട് 15 ദിവസം കൂടി സമയം ചോദിച്ച് സെബി

ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീംകോടതി നിർദേശ പ്രകാരം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി സമയം ചോദിച്ച് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ അനുവദിച്ച സമയ പരിധി ഇന്ന് തീരുന്ന പശ്ചാത്തലത്തില്‍ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നായിരുന്നു കരുതിയിരുന്നത്. അദാനി പോർട്ട്സിന്റെ ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡിലോയ്റ്റ് പിൻമാറിയ ശേഷമുള്ള ആദ്യ വ്യാപര ദിനത്തിൽ ആകാംക്ഷയോടെയായിരുന്നു നിക്ഷേപകരുടെയും കാത്തിരിപ്പ്.

ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന്റെ റിപ്പോര്‍ട്ടായിരുന്നു ഇന്ന് സമര്‍പ്പിക്കാനിരുന്നത്. അതേസമയം അദാനി പോർട്സിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റ് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. അദാനി പോർട്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കടുത്ത തീരുമാനത്തിലേക്ക് ഡിലോയിറ്റ് പോയത്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു കരുതിയതെങ്കിലും ശനിയാഴ്ച കമ്പനി രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.

ബൈജൂസിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഡിലോയിറ്റ് പിൻമാറുന്നത്. ബൈജൂസിനെ പോലെ പുതിയ സാഹചര്യം അദാനി ഗ്രൂപ്പിന്‍റെ ധനകാര്യ മാനേജ്മെന്‍റിനെ കുറിച്ചുള്ള പ്രതിഛായയ്ക്ക് തിരിച്ചടിയാവും. 2017 മുതൽ അദാനി പോർട്സിന്‍റെ ഓഡിറ്റിംഗ് നടത്തിയിരുന്നത് ഡിലോയിറ്റാണ്. കഴിഞ്ഞ വർഷം കരാർ പുതുക്കി നൽകി. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആ ബന്ധം ഉലഞ്ഞത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ അദാനി പോർട്സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദാനി പോർട്സ് ഈ ആവശ്യം അംഗീകരിച്ചില്ല. ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് പിന്മാറിയത് അദാനി ഗ്രൂപ്പിന്റെ ആഗോള തലത്തിലെ പ്രതിച്ഛായക്ക് വൻ തിരിച്ചടിയാണ്. നേരത്തെ ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്ത് നിന്നും ഡിലോയിറ്റ് പിന്മാറിയിരുന്നു.

Top