കോൺഗ്രസിന് മറുപടിയുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ

കൊച്ചി: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെ എത്തിക്കണമെന്ന കോൺഗ്രസ് ചിന്തൻ ശിബിരം പ്രമേയത്തെ തള്ളി കേരളാ കോൺഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ. ഇടതുമുന്നണി വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ച്. ഇടതുമുന്നണിയിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. മുന്നണി മാറ്റമെന്നത് കോൺഗ്രസിന്റെ ആഗ്രഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തിക്കുന്നത് സംഘപരിവാർ ആശയങ്ങളുമായി ചേർന്നാണ്. ഇടത് മുന്നണിയുടെ കെട്ടുറപ്പിനെയോ നയത്തെയോ കുറിച്ച് തങ്ങൾക്ക് അഭിപ്രായവ്യാത്യാസമില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസിന്റെ ആഗ്രഹം മാത്രമാണത്. അവര്‍ക്ക് ആഗ്രഹിക്കാന്‍ അവകാശവുമുണ്ട്. പക്ഷേ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യഘടകമാണ്. മുന്നണിമാറ്റമെന്ന ഒരു ചര്‍ച്ച പോലും ഞങ്ങള്‍ക്കിടയിലില്ല. കോണ്‍ഗ്രസിന്റെ അഭിപ്രായവും വ്യാമോഹവും മാത്രമാണിത്.’ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് നടന്ന നവ സങ്കൽപ് ചിന്തൻ ശിബിരത്തിലാണ് ഇടതുമുന്നണിയിൽ അതൃപ്തരായ കക്ഷികളെ യുഡിഎഫിൽ എത്തിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് ഇതിന് മുൻകൈ എടുക്കണമെന്ന പ്രമേയം വി കെ ശ്രീകണ്ഠനായിരുന്നു അവതരിപ്പിച്ചത്.

ബിജെപിക്ക് ബദൽ കോൺഗ്രസാണ്. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുകയും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടെയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടുകയും വേണമെന്നും രാഷ്ട്രീയ പ്രമേയത്തിലുണ്ട്. എൽഡിഎഫിൽ അതൃപ്തരായി തുടരുന്നവരെ മടക്കിക്കൊണ്ടുവന്ന് യുഡിഎഫിനെ ശക്തിപ്പെടുത്തണം. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ കഴിയണം. കോൺഗ്രസിന് നഷ്ടമായ വോട്ട് ബാങ്ക് തിരികെ പിടിക്കാൻ വിവിധ സാമുദായിക സംഘടനകളിലേക്കുള്ള സ്വാധീനം വർധിപ്പിക്കണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ ആഹ്വാനമുണ്ട്. ഇത് ചർച്ചയായ സാഹചര്യത്തിലാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രതികരണം.

Top