ജാതിവിവേചനത്തിന് നിരോധനം ഏർപ്പെടുത്തുന്ന ആദ്യ അമേരിക്കൻ ന​ഗരമായി സിയാറ്റില്‍

വാഷി​ഗ്ടൺ: ജാതി വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ ന​ഗരമായി സിയാറ്റിൽ. വോട്ടെടുപ്പിലൂടെയാണ് സിറ്റി കൗൺസിൽ നിർണായക തീരുമാനത്തിലെത്തിയത്. ജാതിവിവേചനത്തിനെതിരായ പോരാട്ടം എല്ലാവിധ അടിച്ചമർത്തലുകൾക്കുമെതിരായ പോരാട്ടവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിയമനിർമ്മാണം രേഖപ്പെടുത്തിയ കൗൺസിലർ ക്ഷമാ സാവന്ത് അഭിപ്രായപ്പെട്ടു.

അമേരിക്കയിൽ ജാതിവിവേചനം വ്യാപകമാകുന്നത് തടയാൻ ഈ നടപടിക്കാകുമെന്ന് തീരുമാനത്തെ അനുകൂലിക്കുന്നവർ പ്രതികരിച്ചു. 3,000 വർഷത്തിലേറെ പഴക്കമുള്ളതും ഹിന്ദു സമൂഹത്തെ കൃത്യമായ വിഭാ​ഗങ്ങളിലേക്ക് തരംതിരിക്കുന്നതുമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെന്ന് ക്ഷമാ സാവന്ത് ഓർമ്മിച്ചു. അങ്ങനെ മറ്റ് രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഒന്നല്ല ജാതിപരമായ വേർതിരിവ്. അമേരിക്കയിൽ ടെക്നോളജി മേഖലയിലടക്കം ജോലി ചെയ്യുന്ന ഏഷ്യൻ അമേരിക്കൻ വിഭാ​ഗം അടക്കമുള്ളവർ ജാതിവിവേചനത്തിന് ഇരകളാകുന്നുണ്ട്. സിയാറ്റിൽ സിറ്റി കൗൺസിൽ പാസ്സാക്കിയ ഓർഡിനൻസ് അമേരിക്കൻ സർവ്വകലാശാലകളിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയതിന്റെ തുടർച്ചയാണെന്നും ക്ഷമാ സാവന്ത് പറഞ്ഞു.

ഇന്ത്യയിലെ ഒരു ഉയർന്ന ജാതി ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ വളർന്നതിനെ കുറിച്ചും അത്തരം വിവേചനങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചതിനെ ക്കുറിച്ചും മുമ്പ് പറഞ്ഞിട്ടുണ്ട്. ചില ഹിന്ദു അമേരിക്കൻ ഗ്രൂപ്പുകൾ ജാതിവിവേചനം റദ്ദാക്കിയ നടപടിയെ എതിർത്തിട്ടുണ്ട്. അമേരിക്കൻ നിയമം ഇതിനോടകം തന്നെ ഇത്തരം വിവേചനങ്ങളെ നിരോധിച്ചിരിക്കുന്നതിനാൽ സിയാറ്റിലിൽ പ്രത്യേകമായി നിരോധനം ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. ഓർഡിനൻസിന്റെ ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും അത് ഒരു സമൂഹത്തെ അവരുടെ ദേശീയ ഉത്ഭവത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്തമായി കണക്കാക്കുകയും ലക്ഷ്യമിടുകയും ചെയ്യുന്നതാണെന്ന് വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഹിന്ദു അമേരിക്കൻ ഫെഡറേഷൻ ഒരു തുറന്ന കത്തിൽ പറഞ്ഞു. ഇന്ത്യൻ വംശജരായ അമേരിക്കക്കാർ വാഷിംഗ്ടൺ സ്റ്റേറ്റിലെ ജനസംഖ്യയുടെ 2% ൽ താഴെ മാത്രമാണെന്നും ജാതിയെ അടിസ്ഥാനമാക്കിയുള്ള വ്യാപകമായ വിവേചനത്തിന് തെളിവുകളില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാർക്ക് ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിദേശരാജ്യമാണ് അമേരിക്ക.

Top