അടുത്ത മാസം മുതല്‍ ബസുകളില്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവംബര്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും, കാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. എ.ഐ. ക്യാമറ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെ 62.67 ലക്ഷം കേസുകള്‍ ക്യാമറയില്‍ പതിഞ്ഞെങ്കിലും ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് 19.53 ലക്ഷം കേസുകളിലാണ്. പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചത് 7.5 ലക്ഷത്തില്‍ മാത്രമാണ്. ജൂണില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുപോലും ഇപ്പോഴും നോട്ടീസ് അയ്ക്കാനുണ്ട്.

102.80 കോടിരൂപയുടെ നോട്ടീസ് അയച്ചെങ്കിലും നാലുമാസത്തിനിടെ കിട്ടിയത് 14.88 കോടിരൂപയാണ്. പിഴ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്. പിഴയടയ്ക്കാനുള്ള ചലാന്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതിയിലേക്കും 60 ദിവസം കഴിയുമ്പോള്‍ സി.ജെ.എം. കോടതിയിലേക്കും കൈമാറും. സെപ്റ്റംബറില്‍ 56 എം.പി., എം.എല്‍.എ. വാഹനങ്ങള്‍ നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.

Top