സ്ത്രീ തൊഴിലാളികള്‍ക്ക് ഇരുപ്പവകാശം; ഇത് വിജിയുടെ വിജയം . .

കോഴിക്കോട്: തുണിക്കടകളില്‍ സെയില്‍സ് ഗേള്‍സിന് ഇരിക്കാനുള്ള അവകാശം നിയമമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഇരിക്കല്‍ സമരം നടത്തിയ കോഴിക്കോട്ടെ പെണ്‍കൂട്ടിനും അതിന്റെ നേതാവ് വിജിയുടെയും പോരാട്ടവിജയം. കേരളത്തിലെ ആദ്യത്തെ വനിതാ ട്രേഡ് യൂണിയനായ അസംഘടിത മേഖലാ തൊഴിലാളിയൂണിയന്‍ (എ.എം.ടി.യു) സെക്രട്ടറി വിജി ഏറ്റെടുത്ത് വിജയിപ്പിച്ച സമരമായിരുന്നു കോഴിക്കോട്ടെ ഇരിപ്പു സമരം.

തുണിക്കടയിലെ തൊഴിലാളികള്‍ മണിക്കൂറുകളോലം നിന്നും ജോലിചെയ്യേണ്ടിവരുന്നതും ഇരിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനുമെതിരെ ആദ്യമായി സമരം നടത്തിയത് ഇവരായിരുന്നു. ശക്തരായ മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ മുഖംതിരിച്ചേപ്പാഴും ഒരുകൂട്ടം സ്ത്രീകളുടെ സമരം അധികാരികളുടെ കണ്ണുതുറപ്പിച്ചു. ഒടുവില്‍ കോഴിക്കോട്ടെ തുണിക്കടക്കാര്‍ മുട്ടുമടക്കി. തൊഴിലാളികള്‍ക്ക് ഇരിപ്പിടം ലഭ്യമായി.

ഇടതുസര്‍ക്കാര്‍ 1960തിലെ കേരള കടകളും സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദതി വരുത്തിയാണ്‌തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പുവരുത്തുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ പീഡനം തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്ന വ്യയവസ്ഥികളും ബില്ലിലുണ്ട്.

vivji-protst

കോഴിക്കോട് മിഠായി തെരുവില്‍ തയ്യല്‍ തൊഴിലാളിയായിരുന്ന വിജി തൊഴിലിടത്ത് മൂത്രപ്പുര വേണമെന്ന ആവശ്യമുയര്‍ത്തിയാണ് 2010ല്‍ ആദ്യമായി സമരരംഗത്തേക്കിറങ്ങുന്നത്. മിഠായി തെരുവിലെ ഇടുങ്ങിയ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ മൂത്രമൊഴികാന്‍ പോലും സൗകര്യമില്ലാതെ ദുരിതമനുഭവിക്കുന്നത് പ്രമുഖ തൊഴിലാളി സംഘടനകളും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആദ്യം സംഘടനയില്‍ ചേരാന്‍ ക്ഷണിക്കുകയായിരുന്നു അവര്‍.

ഒടുവില്‍ സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് പെണ്‍കൂട്ടെന്ന സംഘടനക്കു രൂപം നല്‍കി. മൂത്രപ്പുര സമരത്തെ വ്യാപാരി നേതാക്കള്‍ പുഛിച്ചു തള്ളി. ഒടുവില്‍ വ്യാപാരി നേതാവിന്റെ വീട്ടില്‍ നിരാഹാര സമരം വരെ നടത്തി. കളക്ടര്‍ അടക്കമുള്ളവര്‍ ഇടപെട്ടതോടെ ഇ-ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങളൊരുക്കി.

മുതലക്കുളത്തെ അലക്കുതൊഴിലാളി സമരവും കൂപ്പണ്‍ മാള്‍ സമരത്തിലുമെല്ലാം പങ്കെടുത്ത് സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു. തൊഴിലിടത്തില്‍ ഇരിപ്പവകാശം നിയമമാകുന്നതോടെ അത് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെയും എ.എം.ടി.യുവിന്റെയും ചരിത്രനേട്ടംകൂടിയായി മാറുകയാണ്.

Top