അമൃത്പാല്‍ സിങിനായി തിരച്ചില്‍ ഊര്‍ജ്ജിതം; ഡ്രൈവറും ബന്ധുവും കീഴടങ്ങി

ഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിങ്ങിനു വേണ്ടിയുള്ള തിരച്ചിൽ പഞ്ചാബ് പൊലീസ് ഊർജ്ജിതമാക്കി. മൂന്നാം ദിവസമാണ് അമൃത്പാലിനു വേണ്ടി തിരച്ചിൽ തുടരുന്നത്. അതിനിടെ അമൃത്പാലിന്റെ ഡ്രൈവറും അമ്മാവനും പൊലീസിനു മുന്നിൽ കീഴടങ്ങി. അമ്മാവൻ ഹർജിത് സിങ്, ഡ്രൈവർ ഹർപ്രീത് എന്നിവരാണ് മെഹത്പൂരിൽ കീഴടങ്ങിയത്.

ഇവർ കീഴടങ്ങാനെത്തിയ മേഴ്‌സിഡസ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്തുടരുമ്പോൾ അമൃത്പാലിന്റെ വാഹനവ്യൂഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും, 16 കിലോമീറ്റർ പിന്നിട്ടപ്പോൾ രണ്ടായി പിരിഞ്ഞു എന്നുമാണ് ഹർജിത് സിങ് പൊലീസിനോട് പറഞ്ഞത്. അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദേ സംഘത്തിൽപ്പെട്ട 34പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 112 ആയി. അമൃത്പാലിന്റെ കൂട്ടാളികൾക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പഞ്ചാബിൽ ഉടനീളം ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് ഇന്നു വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അമൃത് പാലിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, അമൃത്പാൽ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും, വ്യാജ ഏറ്റുമുട്ടലൊരുക്കി വധിക്കാനാണ് പൊലീസിന്റെ നീക്കമെന്നും വാരിസ് പഞ്ചാബ് ദേയുടെ അഭിഭാഷകൻ ഇമാൻ സിങ് ഖാര ആരോപിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തുവെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് ഇമാൻ സിങ് പറഞ്ഞു.

Top