കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം:കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 15ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

വ്യാഴാഴ്ച രാത്രിയിലൂണ്ടായ ദുരന്തത്തില്‍ 65 പേരെ കാണാതായെന്നാണ് വിവരം. 43 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അന്‍പതോളം വീടുകള്‍ വാസയോഗ്യമല്ലാതായി.

കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചത്. ചെന്നൈയില്‍ നിന്നും 30 സേനാംഗങ്ങളാണ് തെരച്ചിലിനായി എത്തിയിരിക്കുന്നത്.

മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായത് തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കെടുക്കുന്നു. കൂടാതെ ട്രോമാകെയര്‍ ഉള്‍പ്പടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലം വിവിധ ഭാഗങ്ങളായി തിരിച്ച് ഓരോയിടത്തായി പരിശോധന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. നാല് മണ്ണുമാന്തിയന്ത്രങ്ങള്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

Top