20 ശതമാനം ഇടിഞ്ഞ് സമുദ്രോത്പന്ന കയറ്റുമതി വരുമാനം

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വരുമാനത്തില്‍ 20 ശതമാനം ഇടിവ് സംഭവിച്ചെന്ന് സീഫുഡ് എക്‌സ്‌പോട്ടേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്.ഇ.എ.ഐ).ഈ മേഖലയ്ക്ക് 2020-21 ഏറ്റവും മോശം വര്‍ഷമായിരുന്നു. 10 വര്‍ഷകാലയളവില്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയില്‍ 25 ശതമാനം വിഹിതമുള്ള ചൈന വിപണി അടച്ചതും യൂറോപ്യന്‍ ഇക്കോണമിക് കമ്യൂണിറ്റി (ഇ.ഇ.സി) വ്യാപാര പ്രശ്‌നങ്ങളും കോവിഡ് ലോക്ഡൗണുമാണ് മേഖലയില്‍ തിരിച്ചടി നേരിടാനുള്ള കാരണമായി എസ്.ഇ.എ.ഐ ചൂണ്ടികാണിക്കുന്നത്.

2009-10 ല്‍ ഈ മേഖലയില്‍ 8,000 കോടി രൂപയായിരുന്നു വരുമാനം. 2019-20ല്‍ അത് 47,000 കോടിയായി ഉയര്‍ന്നു. 2020 തുടക്കം വരെ ഈ മേഖലയ്ക്ക് പ്രതീക്ഷയുള്ള മുന്നേറ്റമായിരുന്നു കണ്ടിരുന്നത്. എന്നാല്‍ കോവിഡ്-19 ലോക്ഡൗണും വന്നതോടെ കയറ്റുമതി പ്രതിസന്ധിയിലായി. ഉത്പാദനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.

പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന സ്‌കീമില്‍ മത്സ്യബന്ധന മേഖലയ്ക്ക് പ്രയോജനം ലഭിച്ചെങ്കിലും കയറ്റുമതി മേഖലയ്ക്ക് സ്‌കീമില്‍ പിന്തുണ ലഭിച്ചില്ലെന്ന് എസ്.ഇ.എ.ഐ ചൂണ്ടികാട്ടി.

Top