കടല്‍പ്പരപ്പില്‍ കറങ്ങുന്ന ആഢംബര ഹോട്ടലുമായി ഖത്തര്‍

ദോഹ: കടലിന്റെ ഓളപ്പരപ്പില്‍ ഒഴുകി നടക്കുകയും സ്വയം കറങ്ങുന്നതിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ആഢംബര ഹോട്ടല്‍ ഖത്തറില്‍ ഒരുങ്ങുന്നു. സ്വയം കറങ്ങുന്നതിലൂടെയും കാറ്റ്, സൗരോര്‍ജം, തിരമാല എന്നിവയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഹോട്ടലിന്റെ നിര്‍മാണം 2025ഓടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. കടല്‍പ്പരപ്പിലെ ആഢംബര ഹോട്ടലിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത് ഹൈരി അതാക് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്റ്റുഡിയോ എന്ന തുര്‍ക്കി ഡിസൈന്‍ കമ്പനിയാണ്.700 ചതുരശ്ര മീറ്റര്‍ വ്യാസമുള്ള ലോബിയോട് കൂടിയതായിരിക്കും ഹോട്ടലിലെ 152 മുറികളും.

ആഢംബര രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഓരോ മുറിക്കും പ്രത്യേകം ബാല്‍ക്കണികളുണ്ട്. ഹോട്ടല്‍ കറങ്ങുന്നതിനനുസരിച്ച് എല്ലാ ഭാഗങ്ങളിലുമുള്ള മനോഹര ദൃശ്യങ്ങള്‍ അസ്വദിക്കാന്‍ താമസക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണിത്. ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമുള്ള നീന്തല്‍ കുളങ്ങള്‍, സോന, സ്പാ, ജിം, മിനി ഗോള്‍ഫ് കോഴ്‌സ് തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലില്‍ ഉണ്ടാവും.ഹോട്ടലിന്റെ പ്രവര്‍ത്തനത്തിനാവശ്യമായതും അതിലേറെയും വൈദ്യുതി ഉല്‍പ്പാദിപ്പാക്കാന്‍ കഴിയുമെന്നതാണ് ഈ കറങ്ങുന്ന ഹോട്ടലിന്റെ പ്രധാന സവിശേഷതകളിലൊന്ന്.

വെര്‍ട്ടിക്കല്‍ ആക്‌സിസ് വിന്‍ഡ് ടര്‍ബൈന്‍ ആന്റ് അംബ്രല്ല എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹോട്ടല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. ഇത്തരത്തിലുള്ള 55 മൊഡ്യുളുകള്‍ ഉണ്ടാവും. ഓരോന്നും 25 കിലോവാട്ട് വീതം വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഹോട്ടല്‍ സ്വയം കറങ്ങുമെങ്കിലും അകത്തുള്ളവര്‍ക്ക് അത് അനുഭവപ്പെടാത്ത രീതിയിലായിരിക്കും കറക്കം. ഡയനാമിക് പൊസിഷനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക.മാലിന്യമുക്തമായിരിക്കും ഹോട്ടലെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

കടല്‍വെള്ളം ശുദ്ധീകരിച്ചാണ് ഹോട്ടലില്‍ കുടിക്കാന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വെളളം കണ്ടെത്തുക. ഹോട്ടലില്‍ നിന്നുള്ള മലിന ജലം പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയില്‍ ശുദ്ധീകരിച്ച് കടലിലേക്ക് ഒഴുക്കും. അതിനു പുറമെ, ഹോട്ടലില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ വളമാക്കി മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ മുകള്‍ത്തട്ടില്‍ മഴവെള്ള സംഭരണത്തിനും സംവിധാനമുണ്ട്. ഇങ്ങനെ സംഭരിക്കുന്ന വെള്ളം ഹോട്ടലിലെ പുല്‍ത്തകിടിയും ചെടികളും മറ്റും നനയ്ക്കാന്‍ ഉപയോഗിക്കും.കടലിലെ ഹോട്ടലില്‍ എത്താന്‍ വ്യത്യസ്തമായ വഴികള്‍ ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

കടലിലാണെങ്കിലും 140 ഡിഗ്രി ചെരിവുള്ള കടല്‍പ്പാലം വഴി കപ്പലിന്റെ ഏത് ഭാഗത്തുകൂടെയും വാഹനങ്ങള്‍ ഓടിച്ചു കയറ്റാന്‍ കഴിയും. അതിനു പുറമെ, ബോട്ടിലെത്തി ഹോട്ടലിലേക്ക് കയറാം. അതിഥികള്‍ക്ക് ഹെലികോപ്റ്ററിലോ ഡ്രോണിലോ വന്നിറങ്ങാനുള്ള സൗകര്യവും കപ്പലിലുണ്ട്. ഇതിനായി ഹോട്ടലിന് മുകളില്‍ ഹെലിപ്പാഡും ഒരുക്കുന്നുണ്ട്. ഖത്തറിന്റെ ഏത് ഭാഗത്തായിരിക്കും ഈ ഒഴുകുന്ന കപ്പലെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top