സ്ഥിതി അതീവ ഗുരുതരം; ഏറ്റവും ഉയർന്ന സമുദ്ര താപനില കഴിഞ്ഞ വർഷത്തേത്

ലണ്ടൻ: ലോകത്താകെ ഇതുവരെ രേഖപ്പെടുത്തയതിൽ ഏറ്റവും ഉയർന്ന സമുദ്ര താപനില കഴിഞ്ഞ വർഷത്തേതെന്ന് പഠനം. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫറിക് സയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. 1958 ന് ശേഷം സ്ഥിരത പ്രകടിപ്പിച്ച സമുദ്ര താപനില 1980 കളിൽ ഗണ്യമായ തോതിൽ ഉയർന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് എട്ടു മടങ്ങ് വർധനവാണ് സമുദ്ര താപനിലയിൽ ഉണ്ടായത്. ഉയർന്നു വരുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ അടക്കമുള്ള സമുദ്ര പ്രദേശങ്ങളിൽ സമുദ്ര താപനില അനിയന്ത്രിതമായി ഉയരുകയാണ്. വർധിച്ചു വരുന്ന സമുദ്ര താപനില ശക്തമായ ഉഷ്ണമേഖല കൊടുങ്കാറ്റുകളിലേക്ക് (stronger tropical storm) വഴി വെയ്ക്കും. ഉയർന്ന ചൂടിൽ മഞ്ഞുരുകുന്നത് ആഗോള സമുദ്ര നിരപ്പുയരാനും കാരണമാകും. സമുദ്രത്തിലെ ചൂടേറിയ അന്തരീക്ഷം ജലം കൂടുതലായി ബാഷ്പീകരിക്കപ്പെടാൻ കാരണമാകും. ഇത് ശക്തമായ മഴ മുതൽ ചുഴലിക്കാറ്റുകൾക്ക് വരെ ഇടയാക്കും. ആഗോള താപനത്തിന്റെ 90 ശതമാനത്തിനും വിധേയമാകുന്നത് സമുദ്രങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനം എത്ര വേഗത്തിലാണ് ഉണ്ടാകുന്നതെന്ന് പഠിക്കാൻ സമുദ്രങ്ങളെ നിരീക്ഷിച്ചാൽ മതിയെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിലേറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ അഞ്ചാമത്തെ വർഷമായിരുന്നു 2021 എന്ന് യൂറോപ്യൻ യൂണിയനിലെ ശാസ്ത്രഞജർ തിങ്കളാഴ്ച പറഞ്ഞിരുന്നു.

സമുദ്ര താപനില തുടർച്ചയായ മൂന്നാം വട്ടമാണ് റെക്കോഡ് ചൂട് രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളിലെ പവിഴപ്പുറ്റുകൾ ബ്ലീച്ചിങ് എന്ന പ്രക്രിയ്ക്ക് വിധേയമാകാൻ കാരണമാകും. ഇത് സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ താറുമാറാക്കും. സമുദ്രതാപനില ഉയരുന്നത് മത്സ്യങ്ങൾക്ക് പല തരത്തിലുള്ള രോഗങ്ങൾ പിടിപെടാൻ കാരണമാകുകയും മത്സ്യസമ്പത്തിന്റെ വ്യവസ്ഥിതി തന്നെ മാറുകയും ചെയ്യും. ഇത് ഉപജീവനത്തിനായി സമുദ്രങ്ങളെ ആശ്രയിക്കുന്നവരുടെ നില കൂടി പരുങ്ങലിലാക്കും.

Top