കടല്‍ കൊല കേസ്; എട്ട് വര്‍ഷം നീണ്ട കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നതായി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നീണ്ട വര്‍ഷത്തെ കേസ് അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിയെത്തിയത്.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്നാണ് ട്രൈബ്യൂണല്‍ വിധി. 2012 ലാണ് ഇറ്റലിയന്‍ കപ്പലായ ഇന്‍ട്രിക്കാ ലക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കപ്പല്‍ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരായ കേസ് നിയമ തര്‍ക്കങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ എത്തുകയായിരുന്നു.

കേസ് എടുക്കാന്‍ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണല്‍ യുഎന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നാവികര്‍ പെരുമാറിയെന്ന് കണ്ടെത്തി. നാവികര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാല്‍ ഇന്ത്യയിലെ കോടതികള്‍ക്ക് ഈ കേസില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

Top