വിളിച്ചു വരുത്തുന്ന ദുരന്തം . . കേരളം ഉൾപ്പെടെ സർവ്വനാശത്തിന്റെ വക്കിൽ !

ഗോളതാപനത്തിന്റെ പ്രതിസന്ധികള്‍ പ്രവചനാതീതമായിരുക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

പ്രളയത്തിലെ അനുഭവം തന്നെ കൊച്ചു കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ദിവസേന സമുദ്രനിരപ്പ് ഉയരുന്നത് കേരളത്തിന്റെ നല്ലൊരു ശതമാനം കരഭാഗവും വെള്ളത്തിനടിയിലാകാന്‍ കാരണമാകും. ജനസാന്ദ്രത വളരെ കൂടുതലുള്ള കേരളത്തെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.

കൊച്ചി നഗരമൊക്കെ ഓര്‍മ്മയാകും എന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.

തെക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ മുഴുവന്‍ കടലെടുപ്പ് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പഠനത്തില്‍ പറയുന്നത്. മുംബൈ ഉള്‍പ്പെടെ പടിഞ്ഞാന്‍ തീരമേഖല, ഗുജറാത്തിലെ കച്ച്, ഖംബത്ത്, കൊങ്കണ്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഭീഷണിയുടെ നിഴലിലാണ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ പഠനം ഉദ്ധരിച്ച് പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ നദികളുടെ തീരപ്രദേശങ്ങള്‍ക്കു കടുത്ത ഭീഷണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായ കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം തീരപ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ വലിയതോതില്‍ ഉപ്പുവെള്ളം കലരുന്നതോടെ കടുത്ത ശുദ്ധജലക്ഷാമത്തിനും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. തീരമേഖലയിലെ ആളുകളുടെ ആവാസവ്യവസ്ഥ തന്നെ തകിടം മറിയാനുള്ള സാധ്യകളാണു മുന്നിലുള്ളത്.

സമുദ്രജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനും ആഗോള താപനം കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫിയറിക്ക് റിസര്‍ച്ചിലെ ഗവേഷകരുടെ നിരീക്ഷണപ്രകാരം 2030 -40 ആകുമ്പോഴേക്കും ഈ അവസ്ഥ കൂടുതല്‍ മേഖകളിലേയ്ക്ക് പടരും.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖല, പസഫിക്ക് സമുദ്രത്തിന്റെ കിഴക്കന്‍ ഉഷ്ണ മേഖല, അത്‌ലാന്റിക് എന്നിവിടങ്ങളിലാണ് നിലവില്‍ ഈ അവസ്ഥ കാണപ്പെടുന്നത്. സമുദ്രജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് മത്സ്യങ്ങള്‍ക്കും കടല്‍ നക്ഷത്രങ്ങള്‍ക്കും മറ്റ് കടല്‍ ജീവികള്‍ക്കും ഒരു പോലെ ഭീഷണിയാണ്. സമുദ്രത്തിലെ ഓക്‌സിജന്റെ അളവ് സമുദ്രോപരിതലത്തിലെ ഊഷ്മാവ്, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇവിടെ നിന്നാണ് സമുദ്രത്തിന്റെ അടിത്തട്ട് വരെ ഓക്‌സിജന്‍ ലഭിക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുന്നതോടെ ഇത് സാധ്യമാകാതെ വരുന്നു.

അതായത്, ആഗോളതാപനത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ തൊട്ടരികെയാണെന്ന് വ്യക്തം. അടുത്ത പത്ത് വര്‍ഷത്തിനിടയില്‍ ഇന്നുള്ളതിനേക്കാള്‍ അന്തരീക്ഷ താപനിലയും സമുദ്ര നിരപ്പും നമ്മള്‍ കരുതിയിരിക്കണം. ഓഖിയും പ്രളയവും തകര്‍ത്തു കളഞ്ഞ കേരളം ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.

express view

Top