എസ്.ഡി.പി.ഐക്കാരെ എ.കെ.ജി സെന്ററിലേക്ക് കയറ്റിയിട്ടില്ല; മുഖ്യമന്ത്രി

എസ്.ഡി.പി.ഐക്കാർ എ.കെ.ജി സെന്റർ സന്ദർശിച്ചുവെന്ന പ്രതിപക്ഷ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐ നേതാക്കളുടെ എ.കെ.ജി സെന്റർ സന്ദർശനം വ്യാജ വാർത്തയാണെന്നും അവർ ഓഫീസിനു മുന്നിൽനിന്ന് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എസ്.ഡി.പി.ഐക്കാർ എടുത്ത ഫോട്ടോ പ്രചരിച്ചതോടെ ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയാണുണ്ടായത്. എസ്.ഡി.പിഐ നേതാക്കളെ എകെജി സെന്ററിലേക്ക് കയറ്റിവിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എ.കെ.ജി സെന്റർ ആർക്കും കയറിവരാവുന്ന സ്ഥലമാണ്. പക്ഷേ ഇതു പോലുള്ളവരെ അങ്ങോട്ട് കയറ്റി വിടാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ”എ.കെ.ജി സെന്റിറിനു നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണ്, ഒരു വാഹനം എ.കെ.ജി സെന്ററിന് മുന്നിൽ വന്ന് തിരിച്ചു പോയതായി കാണാം, പൊലീസിന്റെ സാന്നിധ്യം അവർ മനസ്സിലാക്കിയിട്ടുണ്ടായിരിക്കാം, തെറ്റിനെ ഒരിക്കലും ന്യായീകരിക്കുകയല്ല വേണ്ടത്, എ.കെ.ജി സെന്ററിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസിന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും, ആരെങ്കിലും പിടിക്കാനല്ല ശ്രമം, യഥാർത്ഥ പ്രതികളെ പിടികൂടും,”- മുഖ്യമന്ത്രി പറഞ്ഞു.

Top