അരുംകൊലയിൽ നടുങ്ങി കേരളം, അതീവ ജാഗ്രതയിൽ പൊലീസ് സേന

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇതു സംബന്ധമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് പട്രോളിങ്ങും ശക്തമാണ്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐ ആരോപിച്ചിരിക്കുന്നത്.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണം നടന്നിരുന്നത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്.

ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിക്കണമെന്ന് പോപുലര്‍ ഫ്രണ്ടും, എസ്ഡിപിഐയും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ ഉന്നതതല ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് സംഘടനകളുമായി മുന്‍പ് പല സംഘടനകളും മുന്‍പും സംഘര്‍ഷമുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന നേതാവ് കൊല്ലപ്പെടുന്നത് ഇത് ആദ്യ സംഭവമാണ്. അതുകൊണ്ട്തന്നെ അതീവ ഗൗരവമായാണ് പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ നേതാക്കളും ഈ കൊലപാതകത്തെ നോക്കി കാണുന്നത്. രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഇരു സംഘടനകളുടെയും തീരുമാനം.

അതേസമയം, പ്രതികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിനു മുന്നില്‍ ഹാജരാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നേരിട്ടാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. കൂടുതല്‍ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞതായാണ് പൊലീസ് ആസ്ഥാനം അറിയിച്ചിരിക്കുന്നത്.

Top