ബില്ലിനെതിരെ എസ്ഡിപിഐ സമരം, വാഹനമോടിച്ചതിന് മര്‍ദ്ദിച്ചപ്പോള്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കണ്ണൂര്‍: ലോക്‌സഭയില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്ലിനെതിരെ കണ്ണൂരിലും വന്‍ പ്രതിഷേധം. ബില്ലിനെതിരെ എസ്ഡിപിഐ നടത്തിയ പ്രതിഷേധത്തില്‍ തളിപ്പറമ്പില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു. സമരത്തിനിടയിലൂടെ ബസ് ഓടിച്ചതിനാണ് മര്‍ദ്ദിച്ചത് എന്നാണ് എസ്ഡിപിഐ വാദിക്കുന്നത്. തുടര്‍ന്ന് പ്രദേശത്തെ ബസുകള്‍ മിന്നല്‍ പണിമുടക്കും നടത്തി.

മര്‍ദ്ദനത്തില്‍ പെരളശേരി മാവിലായി സ്വദേശി അര്‍ജുന്‍ ബാബുവിന്റെ മൂക്കിന് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ പെരളശേരി കോട്ടം സ്വദേശി സുധര്‍മ്മനും സാരമായി പരുക്കേറ്റു. ഇവരെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് മൂന്ന് എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്പി മുഹമ്മദലി, സെക്രട്ടറി സി ഇര്‍ഷാദ്, സംസ്ഥാന കമ്മിറ്റിയംഗം പെരിങ്ങോത്ത് നൗഷാദ് മംഗലശേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കണ്ടാലറിയാവുന്ന അമ്പത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബസ് പണിമുടക്ക് പിന്‍വലിച്ചു.

Top