ആലപ്പുഴ കൊലപാതകങ്ങള്‍; 50 പേര്‍ കസ്റ്റഡിയില്‍, ഒരു ആംബുലന്‍സും പിടിച്ചെടുത്തു

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 50 പേര്‍ കസ്റ്റഡിയില്‍. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥ ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഏത് ഉന്നത നേതാവായാലും കസ്റ്റഡിയില്‍ എടുക്കുമെന്നും അവര്‍ അറിയിച്ചു. ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരും 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകരും കസ്റ്റഡിയില്‍ എടുത്തവരില്‍പെടും.

എസ്.ഡി.പി.ഐ നേതാവിന്റെ വധത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചിരുന്നു. ബി.ജെ.പി നേതാവിന്റെ വധത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു ആംബുലന്‍സും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ നേതാവ് ഷാനെ ആക്രമിക്കാന്‍ അക്രമിസംഘത്തിന് റെന്റ് എ കാര്‍ വാഹനം ക്രമീകരിച്ചു നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Top