ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു

ചാവക്കാട്: എടക്കഴിയൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ സ്വദേശികളായ അയിനിക്കല്‍ മുഹമ്മദ് അഫ്ബില്‍(26), തറപ്പറമ്പില്‍ ഗദ്ദാഫി(33) എന്നിവരെയാണ് എസ്.ഐ. എ.വി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫുട്ബോള്‍ മത്സരം കണ്ട് ബൈക്കില്‍ മടങ്ങവെയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ എടക്കഴിയൂര്‍ തൈക്കൂട്ടത്തില്‍ അബുവിന്റെ മകന്‍ നിയാസി(25)ന് വെട്ടേറ്റത്. നിയാസും കൂട്ടുകാരനായ മരക്കലത്ത് മുഹമ്മദുകുട്ടിയുടെ മകന്‍ ഇജാസും കെ.പി. വത്സലന്‍ സ്മാരക ഫുട്ബോള്‍ മേള കണ്ട് ബൈക്കില്‍ മടങ്ങുകയായിരുന്നു.

എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസിനു സമീപത്തുവെച്ച് എതിരേ വന്ന മോട്ടോര്‍ ബൈക്ക് ഇവരുടെ ബൈക്കിനെ ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് മൂന്നു ബൈക്കുകളിലായി വന്ന സംഘം നിലത്തുവീണു കിടന്ന നിയാസിനെ വെട്ടുകയായിരുന്നു. ഇരുകാലുകള്‍ക്കും വെട്ടേറ്റ നിയാസ് ചികിത്സയിലാണ്. സംഭവത്തില്‍ ആകെ ഏഴാളുടെ പേരിലാണ് പോലീസ് കേസെടുത്തത്.

Top