രാം ലല്ലയുടെ കണ്ണുകള്‍ കൊത്തിയ സ്വര്‍ണ ഉളിയുടെയും വെള്ളി ചുറ്റികയുടെയും ചിത്രം പങ്കുവച്ച് ശില്‍പി

ലഖ്നൗ : അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹനിര്‍മാണത്തിന് ഉപയോഗിച്ച സ്വര്‍ണ ഉളിയുടെയും വെള്ളി ചുറ്റികയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ശില്‍പി അരുണ്‍ യോഗിരാജ്. വിഗ്രഹത്തിന്റെ ജീവസ്സുറ്റ കണ്ണുകള്‍ കൊത്തിയ വെള്ളിച്ചുറ്റിക, സ്വര്‍ണ ഉളി എന്നിവയുടെ ചിത്രമാണ് അരുണ്‍ യോഗിരാജ് തന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

രാം ലല്ലയുടെ ദിവ്യമായ കണ്ണുകള്‍ കൊത്തിയെടുത്ത സ്വര്‍ണ ഉളിയും വെള്ളിച്ചുറ്റികയും പങ്കുവെക്കുന്നുവെന്നാണ് ശില്‍പിയുടെ കുറിപ്പ്. കൃഷ്ണശിലയില്‍ 51 ഇഞ്ച് വലുപ്പത്തിലാണ് അരുണ്‍ യോഗിരാജ് അഞ്ചു വയസ്സുകാരനായ രാം ലല്ലയുടെ വിഗ്രഹം തയ്യാറാക്കിയത്. താമരയില്‍ നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍ താനാണെന്ന് തോന്നുന്നുവെന്നായിരുന്നു പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അരുണ്‍ യോഗിരാജ് നടത്തിയ പ്രതികരണം. കഴിഞ്ഞ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് വിഗ്രഹം ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചത്. 38 കാരനായ അരുണ്‍ യോഗിരാജ് മൈസൂരു സ്വദേശിയാണ്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധന്‍പുരയില്‍ വെച്ചായിരുന്നു രാം ലല്ലയുടെ നിര്‍മാണം നടത്തിയത്.

Top