ഗുജറാത്ത് മന്ത്രിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയതിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിക്ക് ആശ്വാസം. മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017-ലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഈയാഴ്ച ആദ്യമാണ് തിരഞ്ഞെടുപ്പ് അസാധുവാക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ റാത്തോഡിന്റെ പരാതി പ്രകാരം ജസ്റ്റിസ് പരേഷ് ഉപാധ്യായയാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നിരവധി തവണ ലംഘിച്ച ചുദാസാമ നിരവധി അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും പങ്കാളിയായിരുന്നെന്നും വോട്ടെണ്ണല്‍ സമയത്താണ് ഇത് കൂടുതലുണ്ടായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

2017-ല്‍ അഹമ്മദാബാദിലെ ധോല്‍ക മണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ് വിജയിച്ചിരുന്നത്. വെറും 327 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2018-ജനുവരി 17-നാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്.

നിലവില്‍ ഗുജറാത്തിലെ വിജയ് രുപാണി മന്ത്രിസഭയിലെ വിദ്യാഭ്യാസ, നിയമ, പാര്‍ലമെന്ററികാര്യ മന്ത്രിയാണ് ചുദാസാമ.

Top