സച്ചിയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്; പ്രിയ സുഹൃത്തിന്റെ ഓര്‍മയില്‍ താരങ്ങള്‍

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാടിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ അനുസ്മരിക്കുകയാണ് സിനിമാലോകത്തെ സച്ചിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

സച്ചിക്കൊപ്പം നില്‍ക്കുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഓര്‍മകുറിപ്പ് പങ്കുവെച്ചത്. ‘പൊട്ടിച്ചിരികള്‍, ആശയങ്ങള്‍, കഥകള്‍, വിശ്വാസം. സച്ചി… ഒരാണ്ട്’ എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍. സച്ചിയുടെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നായകനായിട്ടുള്ള നടനാണ് പൃഥ്വിരാജ്. സച്ചിയുമായി വളരെയധികം ആത്മബന്ധവും പൃഥ്വിക്കുണ്ടായിരുന്നു. 23 വര്‍ഷത്തിനിടെ തന്നെ ഏറ്റവും അധികം ഉലച്ച മരണം സച്ചിയുടേതായിരുന്നുവെന്ന് പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

‘സച്ചി സാര്‍ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷമാകുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ എനിക്കും നഞ്ചമ്മചേച്ചിക്കും വലിയ അവസരങ്ങള്‍ നല്‍കിയ, അട്ടപ്പാടി എന്ന ഭൂപ്രദേശത്തെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആ വലിയ മനുഷൃന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞങ്ങള്‍ ശിരസ് കുനിക്കുന്നു. സ്മരണാജ്ഞലികള്‍’ നഞ്ചിയമ്മക്ക് വേണ്ടി പഴനിസ്വാമി കുറിച്ചു. അയ്യപ്പനും കോശിയും ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച് പ്രശസ്തയായ ഗായികയാണ് നഞ്ചിയമ്മ.’എല്ലായ്പ്പോഴും എന്റെ ചിന്തയില്‍… എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍… എന്റെ ആത്മാവ്… എന്റെ പ്രിയപ്പെട്ട സച്ചി… എന്റെ സുഹൃത്ത്… മിസ് യു സച്ചി’ എന്നാണ് ബിജു മേനോന്‍ കുറിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അയ്യപ്പന് ജീവന്‍ നല്‍കിയത് ബിജു മേനോനായിരുന്നു.

‘മലയാളത്തിന് പറഞ്ഞുകൊടുക്കാന്‍ ഒരുപാട് കഥകളും തിരക്കഥയും ബാക്കിയാക്കി സച്ചിയേട്ടന്‍ മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ഒരിക്കലും വിശ്വസിക്കാനാവാത്ത ദുരന്തമാണ് സച്ചിയേട്ടന്റെ മരണത്തിലൂടെ ഉണ്ടായത്. ഒരു മരണവും എന്നെ ഇത്രയധികം ഉലച്ചിട്ടില്ല. ജീവിതത്തോട് ചേര്‍ന്ന് നിന്ന ഒരാള്‍ പെട്ടെന്നില്ലാതാകുന്ന അവസ്ഥ അതിഭയാനകമാണ്. എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയാന്‍ പറ്റാത്ത അവസ്ഥ. വളരെ പണിപ്പെട്ടാണ് ആ ആഘാതത്തില്‍നിന്നും കരകയറിയത്. ബാദുമോനെ… എന്നുള്ള വിളിയാണ് എപ്പോഴും കാതുകളില്‍ മുഴങ്ങുന്നത്..’ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായി എന്‍.എം ബാദുഷ കുറിച്ചു.

‘സാഗരം മനസിലുണ്ടെങ്കിലും കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല’ എന്നാണ് സംവിധായകനും നടനുമായ ലാല്‍ സച്ചിയെ കുറിച്ച് എഴുതിയത്. ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സിന് കഥയെഴുതിയത് സച്ചിയായിരുന്നു.

‘ഞാന്‍ മരിക്കുകയില്ല… ഞാനാണ് പ്രണയത്തില്‍ ജീവിച്ചത്… നിങ്ങളാണ് പ്രണയത്തില്‍ മരിച്ചവര്‍…’ സച്ചി എന്നോ തുണ്ട് കടലാസില്‍ കോറിയിട്ട വരികളുടെ ചിത്രം പങ്കുവെച്ച് കൊണ്ട് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയും പ്രിയ സംവിധായകനെ ഓര്‍ത്തു.

സിനിമാ മേഖലയില്‍ നിന്നുള്ള ജോണി ആന്റണി, വൈശാഖന്‍ തുടങ്ങിയവരും സച്ചിയുടെ ചരമവാര്‍ഷികത്തില്‍ ഓര്‍മകുറിപ്പുകള്‍ പങ്കുവെച്ചു. സംവിധാനത്തിലും തിരക്കഥാ രചനയിലും അസാമാന്യ പാടവമുണ്ടായിരുന്ന സച്ചിയുടെ പെട്ടന്നുള്ള വിയോഗം സിനിമാ മേഖലയിലെ സച്ചിയുടെ പ്രിയപ്പെട്ടവരെ വല്ലാതെ ബാധിച്ചിരുന്നു.

 

Top