കായംകുളത്ത് വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു

കായംകുളം: വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. എംഎസ്എം കോളേജ് ജംഗ്ഷനു സമീപം കീരിക്കാട് തെക്ക് പറമ്പില്‍ നാസറിന്റെ സ്‌കൂട്ടറാണ് അഗ്നിക്കിരയാക്കിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം. നാസറിന്റെ കിടപ്പുമുറിയോട് ചേര്‍ന്ന്, വീടിന്റെ പുറംഭാഗത്താണ് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. പുലര്‍ച്ചെ ഇവിടെ നിന്ന് പ്രകാശവും ശബ്ദവും ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്. വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു.

വീടിനോട് ചേര്‍ന്നുള്ള മില്ലിലേക്കും കെ.എസ്.ഇ.ബി ട്രാന്‍സ്ഫോമറിലേക്കും തീ പടരാതിരുന്നത് വലിയ അപകടത്തിലേക്ക് നയിച്ചില്ല. മില്ലിലെ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ചണച്ചാക്ക് സ്‌കൂട്ടറിനു മുകളില്‍ മൂടിയ ശേഷമാണ് തീ കത്തിച്ചത്. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Top