സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സ്ഥിരമായി ഇയാള്‍ നിയമലംഘനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

പിഴയൊടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. അതേസമയം, പിഴ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കും. രണ്ടാഴ്ചയായി നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.തുടര്‍ന്ന് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയ ട്രാഫിക് പോലീസ് നോട്ടീസ് കൈമാറുകയായിരുന്നു. തന്റെ സ്‌കൂട്ടറിന് 30,000 രൂപയേ വില വരികയുള്ളൂവെന്നും പിഴ ഒഴിവാക്കിത്തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പിഴക്കുടിശ്ശികയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് വെങ്കിടരാമന്റെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ട്രാഫിക് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.

Top