കോവിഡ് പ്രതിരോധം; 30ലധികം വാക്‌സിനുകള്‍ വികസനത്തിന്റെ ഘട്ടങ്ങളില്‍

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ പ്രതിരോധിക്കാന്‍ മുപ്പതില്‍ അധികം വാക്‌സിനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു.

ഇതില്‍ ചിലത് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലേക്കാണ് പോകുന്നതെന്നും വിദഗ്ധര്‍ ടാക്‌സ് ഫോഴ്‌സ് യോഗത്തില്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

പ്രാരംഭ ഘട്ട വാക്‌സിന്‍ വികസന ഗവേഷണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പുതുമകള്‍ കൊണ്ടുവന്നതായി കണ്ടുവെന്ന് യോഗത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്ത് മരുന്ന് ഗവേഷണത്തില്‍ മൂന്ന് സമീപനങ്ങളാണുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒന്നാമതായി നിലവിലുള്ള മരുന്നുകളുടെ പുനര്‍നിര്‍മാണം. കുറഞ്ഞത് നാല് മരുന്നുകളെങ്കിലും ഈ വിഭാഗത്തില്‍ നിര്‍മാണവും പരിശോധനയും നടക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. രണ്ടാമതായി, പുതിയ മരുന്നുകളുടെയും തന്മാത്രകളുടെയും വികസനം. മൂന്നാമതായി, ആന്റി വൈറല്‍ ഗുണമുള്ള സസ്യങ്ങളുടെയും ഉല്പ്പന്നങ്ങളുടെയും പരിശോധന.

കൊറോണ വൈറസ് വാക്‌സിന്‍ വികസനം സംബന്ധിച്ച ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തില്‍ പ്രധാനമന്ത്രി മോദിയാണ് അധ്യക്ഷ വഹിച്ചത്.

Top