കൊറോണാ വാക്‌സിന്‍ തയ്യാര്‍; മനുഷ്യരില്‍ ഉപയോഗിക്കാന്‍ ഒരു വര്‍ഷം വേണ്ടിവരും?

കൊറോണാവൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ തയ്യാറാക്കിയതായി ഹോങ്കോംഗിലെ ശാസ്ത്രജ്ഞര്‍. എന്നാല്‍ ഉപയോഗത്തിനായി ഇത് ലഭ്യമാക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം വേണ്ടിവരുമെന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. ഹോങ്കോംഗ് യൂണിവേഴ്‌സിറ്റിയിലെ യുവെന്‍ ക്യോക് യുംഗാണ് തങ്ങളുടെ ടീം വാക്‌സിന്‍ തയ്യാറാക്കുന്നതില്‍ വിജയിച്ചതായി വാര്‍ത്ത പങ്കുവെച്ചത്.

എന്നാല്‍ ഇത് ആദ്യം മൃഗങ്ങളില്‍ പരീക്ഷിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. ഇതിന് ശേഷമാണ് മനുഷ്യരില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് യുവെന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനെല്ലാം കൂടി ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് പ്രൊഫസര്‍ യുവെന്‍ ടൈംസിനോട് വ്യക്തമാക്കിയത്. ഗുരുതരമായ പകര്‍ച്ചവ്യാധി തടയാനുള്ള വഴികള്‍ ആഗോള ഗവേഷക വിഭാഗങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഇടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.

മുന്‍പെങ്ങുമില്ലാത്ത വേഗത്തിലാണ് പകര്‍ച്ചവ്യാധി പടരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഓസ്‌ട്രേലിയയില്‍ വൈറസിനെ വേര്‍തിരിച്ചെടുക്കുന്നതില്‍ വിജയിച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ലാബില്‍ കണ്ടെത്തിയ വൈറസിനെ ലോകത്തിലെ മറ്റ് ഗവേഷകര്‍ക്ക് പങ്കുവെയ്ക്കുമെന്ന് മെല്‍ബണ്‍ പീറ്റര്‍ ഡോഹര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക് കാട്ടണ്‍ വ്യക്തമാക്കി.

കൊറോണ കുടുംബത്തിലെ സാര്‍സ് പകര്‍ച്ചവ്യാധി ചൈനയില്‍ 800 പേരുടെ മരണത്തില്‍ കലാശിച്ചിരുന്നു. അതിവേഗം പടരുന്നതും, വൈറസ് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇല്ലെന്നതുമാണ് ഗവേഷകരെ ആശങ്കയിലാക്കുന്നത്.

Top