ശാസ്ത്രജ്ഞന്റെ ദയാവധം; ആസ്‌ട്രേലിയയെ വിമര്‍ശിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്

scintist

ജനീവ: ദയാവധത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് നാടുവിട്ട ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡ് ഗുഡാളിന് മരിക്കാന്‍ സമ്മതിക്കാത്ത ആസ്‌ട്രേലിയയെ വിമര്‍ശിച്ച് സ്വിസ് ക്ലിനിക്ക്. ജീവനൊടുക്കാന്‍ പല തവണ ശ്രമിച്ച ഗുഡാള്‍ അവസാനമാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയത്.

ഗുഡാളിനെ സ്വന്തം വീട്ടില്‍നിന്ന് മരിക്കാന്‍ അനുവദിക്കാത്ത നടപടിയെ നിഷ്ഠുരമെന്നാണ് എറ്റേണല്‍ സ്പിരിറ്റ്ക്ലിനിക് പ്രതിനിധി വിശേഷിപ്പിച്ചത്. ബേസലിലുള്ള എറ്റേണല്‍ സ്പിരിറ്റ് ക്ലിനിക്കില്‍വെച്ച് മേയ് 10ന് ജീവിതം അവസാനിപ്പിക്കാനാണ് ഗുഡാള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഗുരുതരാവസ്ഥയിലല്ലാതെ ദയാവധം നടത്താന്‍ ആസ്‌ട്രേലിയന്‍ നിയമം അനുവദിക്കില്ല. വിക്‌ടോറിയ പ്രവിശ്യ ഇത് നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും 2019-ല്‍ മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളൂ. നിയമപ്രകാരവും ഗുരുതരരോഗാവസ്ഥയിലുള്ളവര്‍ക്കും ആറു മാസത്തില്‍ താഴെ മാത്രം ആയുര്‍ദൈര്‍ഘ്യം നിലനില്‍ക്കുന്നവര്‍ക്കും മാത്രമാണ് ദയാവധം അനുവദിക്കുക.

ഗുഡാള്‍ ഈ രണ്ട് വകുപ്പിലും ഉള്‍പ്പെടുന്നില്ല. എന്നാല്‍ സ്വിസ് നിയമപ്രകാരം മാനസികാരോഗ്യം ഉള്ള വ്യക്തി പ്രത്യേക കാലയളവില്‍ സ്വയം മരിക്കണമെന്ന് ആവര്‍ത്തിച്ചാല്‍ അവര്‍ക്ക് ദയാവധത്തിനായി അപേക്ഷിക്കാം. പൂര്‍ണ ആരോഗ്യമുള്ള ആളുകള്‍ ദയാവധത്തിനായി അപേക്ഷിക്കുന്നത് വിരളമാണെന്നും ആത്മഹത്യക്കായി ക്ലിനിക്കിനെ സമീപിച്ച 80 ആളുകളില്‍ ഭൂരിഭാഗവും വാര്‍ധക്യസഹജമായ രോഗ പീഡകള്‍ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top