ഭൂമിയില്‍ നിന്ന് അകലെയുള്ള ഗ്രഹങ്ങളില്‍ ദിനോസറുകളോ തത്തുല്യ ജീവികളോ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ ജീവിവര്‍ഗമാണ് ദിനോസറുകള്‍. അവയെ പറ്റിയുള്ള കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദിനോസറുകളോ അവയോട് സാമ്യമുള്ള സ്പീഷീസിലെ മൃഗങ്ങളോ ഭൂമിയില്‍ നിന്ന് അകലെയുള്ള ഗ്രഹങ്ങളിലുണ്ടാകാമെന്നാണ് പഠനം പറയുന്നത്. ഇത്തരം ഗ്രഹങ്ങളെ കണ്ടെത്താന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മന്ത്ലി നോട്ടീസസ് ഓഫ് ദ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരങ്ങളുള്ളത്.

അന്തരീക്ഷത്തിലെ രാസവസ്തുക്കളുടെ അളവ് പരിശോധിച്ചാണ് ഇതു കണ്ടെത്താന്‍ സാധിക്കുക. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് ഓക്സിജന്‍ തോതാണ്. ദിനോസറുകളുടെ കാലത്ത് ഭൗമാന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് ഇന്നത്തെക്കാളും 30 ശതമാനം ആയിരുന്നു. ഇന്നിത് 21 ശതമാനമാണ്. ഉയര്‍ന്ന തോതിലുള്ള ഓക്സിജന്‍ അന്തരീക്ഷത്തിലുള്ള ഗ്രഹമാണെങ്കില്‍ അവയില്‍ ദിനോസറുകളോ തത്തുല്യ ജീവിവര്‍ഗങ്ങളോ ഉണ്ടാകാന്‍ സാധ്യതയേറും.

അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സജ്ജമാക്കി ഇതു നിരീക്ഷിക്കാം. ഒരു ഗ്രഹം ഫനീറോസോയിക് ഘട്ടത്തിലാണോ എന്നു പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫനീറോസോയിക് ഘട്ടത്തിലാണെങ്കില്‍ അതില്‍ വലുപ്പമേറിയതും സങ്കീര്‍ണവുമായ ജീവിവര്‍ഗങ്ങള്‍ ഉടലെടുക്കും. ഇവിടങ്ങളില്‍ ദിനോസറുകള്‍ ഉണ്ടാകാനിടയുണ്ട്.

ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഭൂമിയില്‍ സര്‍വാധിപത്യം പുലര്‍ത്തി വിഹരിച്ചു നടന്ന ജീവികളാണ് ദിനോസറുകള്‍. എന്നാല്‍ ഇവ താമസിയാതെ വംശനാശപ്പെട്ട് ഭൂമിയില്‍ നിന്ന് ഒഴിഞ്ഞു.ഭൂമിയിലേക്ക് വന്ന് ആഞ്ഞുപതിച്ച ഒരു ഛിന്നഗ്രഹം ഉയര്‍ത്തിയ പരിസ്ഥിതി മാറ്റങ്ങളായിരുന്നു ഇതിനു കാരണം. ഇതില്‍ പ്രധാന കാരണമായത് ഛിന്നഗ്രഹ പതനത്തെത്തുടര്‍ന്നുണ്ടായ ഭീകരന്‍ പൊടിപടല വ്യാപനമാണ്.

ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആറരക്കോടി വർഷം പഴക്കമുള്ളതാണ്. അങ്ങനെയാണ് ദിനോസറുകൾ അക്കാലയളവിലാകാം വംശനാശം വന്നുപോയതെന്ന് മുൻപ് ശാസ്ത്രജ്ഞർ ഉറപ്പിച്ചത്. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും മറിച്ച് അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല.

എന്നാൽ 2021ൽ ഹാർവഡ് സർവകലാശാല നടത്തിയ പഠനങ്ങൾ മറഞ്ഞിരുന്ന ഒരു പങ്കാളിയിലേക്കു കൂടി വിരൽ ചൂണ്ടി. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപ്പിറ്ററിലേക്കായിരുന്നു അത്. വ്യാഴഗ്രഹം തന്റെ അപാരമായ ഗുരുത്വബലം ഉപയോഗിച്ച് ഛിന്നഗ്രഹത്തെ ഭൂമിയിലേക്ക് വഴിതിരിച്ചുവിട്ടെന്നായിരുന്നു പഠനം.

സാധാരണഗതിയിൽ ഭൂമിയെ ഛിന്നഗ്രഹങ്ങളിൽ നിന്നും വാൽനക്ഷത്രങ്ങളിൽ നിന്നുമൊക്കെ സംരക്ഷിക്കുന്ന ഗ്രഹമാണ് വ്യാഴം. എന്നാൽ ഈ ഛിന്നഗ്രഹത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചതെന്നാണ് ചില ശാസ്ത്രജ്ഞരുടെ വാദം.ദിനോസറുകളിൽ എല്ലാ വിഭാഗവും പൂർണമായി അപ്രത്യക്ഷരായില്ല. ഭൂമിയിൽ തുടർന്നവയുടെ പിന്മുറക്കാരെ നമ്മളറിയും. പക്ഷികളാണ് അവർ.

Top