ഡുറിയാന്റെ അസഹനീയ ദുർഗന്ധത്തിന്റെ രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി

സിംഗപ്പൂർ: ഡുറിയാൻ സിംഗപ്പുരിന്റെ ദേശീയ ഫലമാണ്. ഡുറിയാന്റെ അസഹനീയ ദുർഗന്ധത്തിന് പിന്നിലെ രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്.

ചക്കയുടേതിനു സമാനമായി മുള്ളുകള്‍ നിറഞ്ഞ ഡുറിയാന്‍ പഴത്തിന് വൃത്തികെട്ട നാറ്റം നല്‍കുന്ന ജീനിനെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

മെതിയോനൈന്‍ ഗാമ ലൈസെസ് എന്ന എന്‍സൈം അടങ്ങിയിട്ടുള്ള ഒരു കൂട്ടം ജീനുകളാണ് ഈ ഗന്ധം ഉത്പാദിപ്പിക്കുന്നത്.

സള്‍ഫറിന്റെ അളവ് കൂടുതലായ ഈ ഘടകങ്ങളാണ് അസഹനീയമായ ദുര്‍ഗന്ധത്തിന് കാരണം.

സിംഗപ്പൂരിലെ നാഷണല്‍ കാന്‍സര്‍ സെന്ററിലെയും ഡ്യൂക്ക് എന്‍.യു.എസ് മെഡിക്കല്‍ സ്‌കൂളിലെയും അഞ്ച് ശാസ്ത്രജ്ഞന്മാരുടെ സംഘമാണ് ഡൂറിയാന്റെ ദുര്‍ഗന്ധത്തിന് പിന്നിലെ രഹസ്യം കണ്ടെത്തിയത്. 2015ലാണ് ഇതു സംബന്ധിച്ച പഠനം ആരംഭിച്ചത്.

നാച്വര്‍ ജെനറ്റിക്‌സ് ജേര്‍ണലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 46000 ജീനുകള്‍ ഡുറിയാനിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. അത് മനുഷ്യശരീരത്തിലെ ജീനുകളുടെ ഇരട്ടിയാണ്.

മൃഗങ്ങളെ ആകര്‍ഷിക്കുന്നതിനാണ് അസഹനീയമായ ദുര്‍ഗന്ധം ഈ പഴത്തിനുള്ളതെന്നും, ഗന്ധത്തിലാകൃഷ്ടരായി പഴം ഭക്ഷിക്കുന്നതിലൂടെ വിത്തു വിതരണം ശാസ്ത്രജ്ഞര്‍ പറയുന്നു.

സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ മാളുകളിലും, ഫുഡ് കോര്‍ട്ടുകളിലും, വിമാനത്താവളങ്ങളിലുമൊക്കെ ഡുറിയാന്‍ പഴത്തിന് വിലക്കുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യ ആണ് ഡുറിയാന്റെ നാട്.

Top